Saturday, November 17, 2012

കടല്‍ കടന്ന ഫുട്ബോള്‍ കമ്പം
 
പ്രവാസത്തോളം തന്നെ പഴക്കം കാണും റിയാദിലെ പ്രവാസി ഫുട്ബോളിനും. എന്നാല്‍ ഇന്നത്തെ വര്‍ണ്ണശബളമായൊരു രൂപം പ്രാപിക്കാന്‍ അതിന് കുറേ പാറക്കല്ലുകളിലും മണല്‍ത്തിട്ടയിലും തട്ടിയും മുട്ടിയും കാതങ്ങള്‍ ഒഴുകേണ്ടി വന്നു എന്ന് മാത്രം. അന്നൊക്കെ പന്തുകളിക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ കെ.എം.സി.സി പോലുള്ള ചുരുക്കം സംഘടനകളെ ഉണ്ടായിരുന്നുള്ളു. അലിക്കയെ പോലുള്ള ചില ഫുട്ബോള്‍ കമ്പക്കാരും. ടാക്സി വിളിച്ചും കാല്‍നടയായും കളിക്കാരെ കൊണ്ടു വന്ന് കളി നടത്തിയിരുന്ന ഒരു കാലം. കാലക്രമത്തില്‍ നാട്ടില്‍ നിന്നും കളി പാതിവഴിയിലുപേക്ഷിച്ച് കടല്‍ കടക്കേണ്ടി വന്ന പ്രവാസികള്‍ ഫുട്ബോള്‍ നടക്കുന്ന ഇടങ്ങള്‍ തേടി വരാന്‍ തുടങ്ങി. അങ്ങിനയുണ്ടായ കൂട്ടായ്മകളാണ് റിയാദിലെ ആദ്യ പ്രവാസി ഫുട്ബോള്‍ ക്ളബ്ബുകളായ സെന്‍ട്രല്‍ ബ്രദേഴ്സും സ്ററാര്‍ സ്പോര്‍ട്സ് ക്ളബ്ബുമെല്ലാം. അലിക്കയോടൊപ്പം കമ്മു ചെമ്മാടും അച്ചായനും സിററി കോര്‍ണര്‍ ഹനീഫയും മൊയ്തീന്‍ക്കയും ലത്തീഫും സെയ്താലി മാസ്റ്ററും ഒക്കെ കൂടിയപ്പോള്‍ സെന്‍ട്രല്‍ ബ്രദേഴ്സ് ക്ളബ്ബിന് രൂപം കൊണ്ടു. പുലര്‍ കാലത്തെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ആയിരുന്നു അന്നത്തെ പ്രധാന കളിയരങ്ങുകള്‍. കെ.എം.സി.സി യും മററും നേതൃത്വം നല്‍കി ചെറിയ ചെറിയ ടൂര്‍ണ്ണമെന്റുകളും അക്കാലത്ത് നടന്നിരുന്നു. ഗോവക്കാരനായ മാര്‍ക്കോസ് നേതൃത്വം കൊടുത്തു നടത്തിയ മെന്‍ഡിസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായാണ് സ്ററാര്‍ സ്പോര്‍ട്സ് ക്ളബ്ബ് രൂപീകരിച്ചത്. സി.ബി.ഐ യും സ്ററാര്‍ സ്പോര്‍ട്സ് ക്ളബ്ബും മമ്പാട്ടുകാരുടെ കൂട്ടായ്മയില്‍ തുടങ്ങിയ ഫ്രന്റ്സ് ക്ളബ്ബും മാത്രമായിരുന്നു അക്കാലത്തെ മലയാളി ഫുട്ബോള്‍ ക്ളബ്ബുകള്‍. സെയ്താലി മാസ്റററും രമേഷും വയനാട് മുഹമ്മദും നൌഷാദ്ക്കയും കണ്ണൂരുകാരായ അജിലേഷും മണ്‍സൂറും കൂര്‍ഗില്‍ നിന്നുള്ള ലോബോയും ഇന്ന് അറിയപ്പെടുന്ന പാട്ടുകാരനായ നിസാര്‍ മമ്പാടും ഒക്കെയായിരുന്നു അന്നത്തെ പ്രമുഖ കളിക്കാര്‍. കളിക്കാരും കുറച്ച് സുഹൃത്തുക്കളുമല്ലാതെ കാണികള്‍ കാര്യമായി ഇല്ലാതിരുന്ന അന്നത്തെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് സഫാമക്ക പോളിക്ളിനിക്ക്, അല്‍ സ്മാരി ക്ളിനക്ക്, ന്യൂ സഫാമക്ക ക്ളിനക്ക്, ക്ളാസിക് റെസ്റേറാറന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളം ന്യൂസ് പത്രമോ മററ് പരസ്യവേദികളോ ഇല്ലാതിരുന്നിട്ടു പോലും വളരെ സന്തോഷത്തോടെയായിരുന്നു ഇന്നത്തെ അപേക്ഷിച്ച് ചെറിയ തുകയാണെങ്കിലും ഈ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ നല്‍കിയിരുന്നത്.

 ഒഴിവു വേളകളിലെ കളിക്കൂട്ടായ്മകള്‍ക്കു പകരമായി നിരന്തരമായ പരിശീലനവും വാശിയും ഒക്കെയായി മുഴുവന്‍ സമയ ഫുട്ബോള്‍ ക്ളബ്ബുകള്‍ രൂപീകരിക്കപ്പെടുന്നത് പിന്നീട് നമ്മള്‍ കണ്ടു. അക്ബര്‍ മമ്പാടിന്റേയും മററും നേതൃത്വത്തില്‍ നടത്തിയ ഫ്രന്റ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും എംബസി സ്കൂള്‍ ഗ്രൌണ്ടില്‍ സെയ്താലി മാസ്റററും സാം മാത്യുവും ഒക്കെ നേതൃത്വം നല്‍കി നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും കോഴിക്കോട്ടുകാരന്‍ കോയക്കയുടെ നേതൃത്വത്തില്‍ നടന്ന കൈരളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും പിന്നീട് നെഹ്റു സാംസ്കാരിക വേദി തുടക്കം കുറിച്ച പ്രൊഫഷണല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളും ആണ് ഇതിന് വഴിമരുന്നിട്ടത്. എം.ടി അഷ്റഫ്, അഷ്റഫ് വടക്കേവിള, അയ്യൂബ് ഖാന്‍ വിഴിഞ്ഞം, ജമാല്‍ എരഞ്ഞിമാവ്, മുഹമ്മദലി കൂടാളി, ഉമ്മര്‍ വലിയപറമ്പ്, അഷ്റഫ് കൊളക്കാടന്‍, സിദ്ദീഖ് കല്ലൂപറമ്പന്‍, സിദ്ധാര്‍ത്ഥന്‍ ആശാന്‍ തുടങ്ങിയവരുടെ ആവേശമായിരുന്നു നെഹ്റു സാംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമിട്ടത്. ഞങ്ങളുടെയൊക്കെ തീരാത്ത കളിക്കമ്പം അവര്‍ക്ക് നിറഞ്ഞ പിന്തുണയേകി. രണ്ടാമത് നെഹ്റു സാംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫ്ളഡ്ലൈററില്‍ വെകുന്നേരം പുല്‍മൈതാനത്ത് വെച്ച് നടത്തണമെന്ന ആശയം മുന്നോട്ട് വെച്ചത് മുന്‍ എന്‍.ആര്‍.കെ ഫോറം പ്രസിഡണ്ട് അയ്യൂബ് ഖാന്‍ വിഴിഞ്ഞം ആയിരുന്നു. അങ്ങിനെ ഞാന്‍ ഒരു ദിവസം മുഴുവന്‍ അലഞ്ഞു നടന്നാണ് ഇന്ന് മിക്ക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളും നടക്കുന്ന അത്തീഖയിലെ ബിന്‍ ദായല്‍ സ്റേറഡിയം കണ്ടെത്തിയത്. ഇരുപതിനായിരം റിയാലോളം ചെലവ് വന്ന ഫ്ളഡ്ലൈററ് സ്റേറഡിയത്തിലെ ആദ്യ പ്രവാസി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ധൈര്യസമേതം സാമ്പത്തിക പിന്തുണയേകിയത് സഫാമക്കാ പോളിക്ളിനിക്കും അതിന്റെ എം.ഡി ഷാജി അരിപ്രയുമായിരുന്നു.
 റിയാദിലെ കളി ഭ്രാന്തന്‍മാരെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. വാശിയും ആവേശവും അലയടിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നിരവധി ഇതിനിടയില്‍ കടന്നു പോയി. കമ്മു ചെമ്മാടിന്റേയും മുബാറക് മമ്പാടിന്റേയും യൂസുഫ് തലശ്ശേരിയുടേയും ബഷീര്‍ പാഴൂരിന്റേയും ദേവന്‍ പാലക്കാടിന്റേയും ബഷീര്‍ തൃത്താലയുടേയും സുരേഷ് ഭീമനാടിന്റേയും ഹബീബ് നിലമ്പൂരിന്റേയും അബ്ദുള്ള വല്ലാഞ്ചിറയുടേയും അരീസ് കൊണ്ടോട്ടിയുടേയും മുജീബ് ഉപ്പടയുടേയും ബാവ മോങ്ങത്തിന്റേയും അലിക്കയുടേയും ജലീല്‍ അരീക്കോടിന്റേയും ഷരീഫ് കാളികാവിന്റേയും ലത്തീഫ് വണ്ടൂരിന്റേയും റോയല്‍ ബഷീറിന്റേയും ഒക്കെ കാല്‍പ്പന്തു കളിയോടുള്ള നിലയ്ക്കാത്ത പ്രണയമായിരുന്നു റിയാദില്‍ പ്രവാസി ഫുട്ബോളിന് ഇത്രയേറെ ജനപ്രിയത നേടിക്കൊടുത്തത് എന്നത് തര്‍ക്കമററതാണ്. ഇണങ്ങിയും പിണങ്ങിയും അനാരോഗ്യകരമല്ലാത്ത തര്‍ക്കങ്ങളില്‍പ്പെട്ടും ടീമുകള്‍ വളരുക തന്നെയായിരുന്നു. സി.ബി.ഐ, സ്ററാര്‍, കേരള ഇലവന്‍, റെയിന്‍ബോ, സ്പാന്‍ ക്ളബ്ബ്, ഫ്രണ്ട്സ് ക്ളബ്ബ്, ഒ.എം.സി തുടങ്ങിയ ടീമുകളില്‍ തുടങ്ങി റോയല്‍ എഫ്.സി, ചാലിയാര്‍ ഫുട്ബോള്‍ ക്ളബ്ബ്, റിമാല്‍, യൂത്ത് ഇന്ത്യ തുടങ്ങിയ പുതിയ ക്ളബ്ബുകളും മുന്‍നിരയിലേക്ക് വന്നു തുടങ്ങി. ഇവര്‍ക്ക് പ്രോത്സാഹനവുമായി വെസ്റേറണ്‍ യൂണിയന്‍, മുബാറക് ആശുപത്രി, എ.ബി.സി കാര്‍ഗോ, ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് തുടങ്ങിയ സ്ഥാപനങ്ങളും രംഗത്തെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടി കയറിത്തുടങ്ങി. എന്‍.എസ്.വി ടൂര്‍ണ്ണമെന്റിന്റെ വിജയം ടൂര്‍ണ്ണമെന്റുകള്‍ നടത്താന്‍ മററ് സംഘടനകള്‍ക്കും ആവേശം പകര്‍ന്നു. അങ്ങിനെ സൌദി അറേബ്യ കണ്ട മികച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളായ കേളി സാസംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, എന്‍.സി.സി.ഐ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങിയവ റിയാദിന്റെ ആവേശമായി മാറി.
 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് വാശിയേറിത്തുടങ്ങിയപ്പോള്‍ മററ് പ്രവിശ്യകളില്‍ നിന്നും നാട്ടില്‍ നിന്നു പോലും കളിക്കാര്‍ റിയാദിലേക്ക് വരാന്‍ തുടങ്ങി. എന്‍.എസ്.വി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ അന്ന് മികച്ച ഫോമില്‍ ജിദ്ദയില്‍ കളിച്ചിരുന്ന സൂപ്പര്‍ സ്ററുഡിയോ താരം സമീര്‍ വണ്ടൂരിനെ സ്ററാര്‍ സ്പോര്‍ടസ് ക്ളബ്ബ് റിയാദിലെത്തിച്ചതാണ് ഇതിന് തുടക്കമിട്ടത്. അന്ന് റിയാദിലുണ്ടായിരുന്ന ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബോള്‍ സംഘാടകനായ സിദ്ദീഖ് കണ്ണൂരാണ് ഈ ആശയം എന്നോട് പറഞ്ഞത്. പിന്നീട് സ്ററാര്‍ ടീമിന്റെ എല്ലാ കളികളിലും സമീര്‍ നിറ സാന്നിദ്ധ്യമായി. മുന്‍ കേരള താരം കെല്‍ട്രോണിന്റെ അജിതിനേയും റിയാദിലെത്തിച്ചതിന്റെ പിന്നില്‍ കണ്ണൂര്‍ സിദ്ദീഖായിരുന്നു.
കേളിയുടെ ആദ്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചില പ്രശ്നങ്ങളെല്ലാം ഉണ്ടായെങ്കിലും റിയാദില്‍ രൂപീകൃതമായ ഇന്ത്യന്‍ ഫുട്ബോള്‍ അസ്സോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ പിന്നീട് വന്ന എല്ലാ ടൂര്‍ണ്ണമെന്റുകളും വന്‍ വിജയമായിരുന്നു. നൌഷാദ് കോര്‍മത്ത്, സെയ്താലി മാസ്ററര്‍, സലീം തിരുവനന്തപുരം തുടങ്ങിയവര്‍ കളി നിയമാനുസൃതമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. റിയാദിലെ മുഴുവന്‍ കളിക്കമ്പക്കാരേയും കൂട്ടിയിണക്കി രൂപീകൃതമായ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പക്ഷേ കളിക്കാര്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനാകാതെ ഉദാസീനത കാട്ടിയത് വലിയൊരു പോരായ്മയായി തോന്നുന്നു. ഇന്ന് വീണ്ടും ആ സംഘടനക്ക് പുതുജീവന്‍ ലഭിച്ചത് പ്രതീക്ഷയേകുന്നു.
നാട്ടില്‍ പോലും കാണാനാകാത്ത ധാരാളം ആവേശകരമായ കളികള്‍ക്ക് റിയാദിലെ ഫുട്ബോള്‍ ഗ്രൌണ്ടുകള്‍ സാക്ഷ്യം വഹിച്ചു. രണ്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സ്പാന്‍ ക്ളബ്ബും സെന്‍ട്രല്‍ ബ്രദേഴ്സും തമ്മിലും എന്‍.എസ്.വി ഫുട്ബോളിന്റെ സെമിയില്‍ സ്ററാര്‍ സ്പോര്‍ട്സും ഫ്രന്റ്സ് മമ്പാടും തമ്മില്‍ നടന്നതും കെ.എം.സി.സി ഫുട്ബോള്‍ ഫൈനലില്‍ സ്ററാറും ചാലിയാറും തമ്മില്‍ കളിച്ചതും റിയാദിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട മത്സരങ്ങളായിരുന്നു. സൌദി റഫറിയിംഗ് പാനലിലെ അലി അല്‍ ഖഹതാനിയേയും മററും പങ്കെടുപ്പിച്ച് കേളിയും കെ.എം.സി.സി യും കളി കുററമററതാക്കിയപ്പോള്‍ കാണികളുടെ എണ്ണത്തിലും സ്പോണ്‍സര്‍മാരുടെ താല്‍പ്പര്യത്തിലും ഏറെ മാററമുണ്ടായി. ജിദ്ദയിലേയും ദമാമിലേയും ബുറൈദയിലേയും അബഹയിലേയുമൊക്കെ മികച്ച കളിക്കാരെ റിയാദിലെത്തിക്കുന്നതോടൊപ്പം നാട്ടില്‍ നിന്നും സന്ദര്‍ശക വിസയിലും ജോബ് വിസയിലും കളിക്കാരെ കൊണ്ടു വരാന്‍ ടീം മാനേജര്‍മാര്‍ മത്സരിച്ചത് കളിക്കു വേണ്ടി ചെലവഴിക്കുന്ന പണത്തിലും വന്‍ വര്‍ദ്ധനവുണ്ടാക്കി. നാട്ടില്‍ സെവന്‍സ് ഫുട്ബോളിലും ഇലവന്‍സ് ഫുട്ബോളിലും തിളങ്ങി നിന്ന കെല്‍ട്രോള്‍ സഹീര്‍, അജിത് കുമാര്‍, സമീര്‍ വണ്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, ഷരീഫ് കാളികാവ്, കെ.ടി അഷ്റഫ്, സക്കീര്‍ പരപ്പങ്ങാടി, സുല്‍ഫി കോഴിക്കോട്, ബീരാന്‍ കോഴിക്കോട്, മുജീബ് അരീക്കോട്, ബഷീര്‍,  തിരുവമ്പാടി, വയനാട് മുഹമ്മദ് തുടങ്ങിയ പ്രമുഖ കളിക്കാരോടൊപ്പം സിദ്ദീഖ് മാനു, റിയാസ് ചെറുവാടി, നൌഷാദ് മങ്കട, ഷക്കീല്‍ തിരൂര്‍ക്കാട്, അജിംസ് പെരുമ്പാവൂര്‍, ഷൌലിക്ക്, മന്‍സൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ റിയാദിന്റെ സംഭാവനകളായി വളര്‍ന്നു വന്നു. സംസ്ഥാന, ഇന്ത്യന്‍ താരങ്ങള്‍ അതിഥി താരങ്ങളായി ഇറങ്ങിയ ഒട്ടേറെ കളികള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കും പേരും പെരുമയും നേടിക്കൊടുത്തു.

 നാട്ടിലെ സെപ്ററ് പോലുള്ള ഫുട്ബോള്‍ പരിശീലന കൂട്ടായ്മകള്‍ക്കും അവശരായ കളിക്കാര്‍ക്കും സംഘടനകള്‍ക്കും സഹായഹസ്തം നീട്ടുന്നതോടൊപ്പം ടൂര്‍ണ്ണമെന്റുകളിലെ മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതാണ് പ്രവാസി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളുടെ വലിയ പ്രത്യേകത. സുതാര്യമായ ഫണ്ട് ശേഖരണത്തിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കപ്പെടുന്നതും മഹത്തായ മാര്‍ഗ്ഗത്തിലാണ് എന്നത് പ്രോത്സാഹിക്കപ്പെടേണ്ട ഒരു കായിക വിനോദമായി റിയാദിലേയും പരിസരങ്ങളിലേയും ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളെ മാററുകയാണ്. പ്രവാസത്തിന്റെ വിരസമായ ഒഴിവു വേളകളില്‍ ഫുട്ബോള്‍, വേളിബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ച് കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മഹത്തായ ജന സേവനങ്ങളിലുമേര്‍പ്പെടുന്ന സാമൂഹ്യ സംഘടനകളേയും പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കാന്‍ അധികാര കേന്ദ്രങ്ങളും താല്‍പ്പര്യം കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

Friday, November 2, 2012


പത്രാസിലൊരു മുടിവെട്ട്

എന്റെ നാട്ടില്‍ ചുള്ളിക്കാപറമ്പില്‍ ഒരു ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നു. അക്കരപറമ്പില്‍ അബുക്കയുടെ. എന്റെ ഉമ്മയുടെ സ്ററുഡന്റ് ആണ്. അദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ് ഞാനും എന്റെ താഴെയുള്ള രണ്ട് അനിയന്‍മാരും മുടി വെട്ടിയിരുന്നത്. ഉമ്മ മുടി വെട്ടാനായി ഒരു രൂപ തരും. മുപ്പത് പൈസ വീതം മൂന്ന് പേര്‍ക്ക് 90 പൈസ മുടി വെട്ടാന്‍ അബു കാക്കക്ക് കൂലിയും ബാക്കി പത്ത് പൈസ ഞങ്ങള്‍ മൂന്ന് പേര്‍ക്കും ലാവിഷായി കടിച്ചാ പൊട്ടിയും ബുള്‍ബുള്‍ മുഠായിയും ഒക്കെ വാങ്ങി തിന്നാനും. ഹൈസ്കൂള്‍ ക്ളാസിലെത്തിയപ്പോഴാണ് അബു കാക്കയുടെ ക്രോപ്പിംഗ് അത്ര പിടിക്കുന്നില്ല പെണ്‍കുട്ടികള്‍ക്ക് എന്ന തിരിച്ചറിവില്‍ പാര്‍ലര്‍ ഒന്ന് മാററിയത്. ചെറുവാടി അങ്ങാടിയില്‍ തന്നെയുള്ള ബാര്‍ബര്‍ മൊയ്തീന്‍ കുട്ടിയുടെ വി.ഐ.പി ബാര്‍ബര്‍ ഷോപ്പിലേക്ക് ഞാന്‍ മാറി. അവിടെയാണെങ്കില്‍ കറങ്ങുന്ന ചെയറുണ്ട്. മുന്നിലും പിറകിലും കണ്ണാടിയുണ്ട്. മുടി വെട്ടിക്കഴിഞ്ഞാല്‍ മൊയ്തീന്‍ കുട്ടി നല്ല ക്യുട്ടിക്യൂറ പൌഡറിട്ട് മിനുക്കി തരികയും ചെയ്യും. വേറെ എന്തു വേണം. പോരെങ്കില്‍ ചുമരില്‍ നിറയെ നാട്ടിലെ പുതുമണവാളന്‍മാര്‍ക്ക് അവരുടെ പാര്‍ട്ടിക്കാര്‍ നല്‍കിയ മംഗളാശംസകള്‍ ഫ്രൈം ചെയ്ത് വെച്ചിട്ടുണ്ട്. ചുമരില്ലാത്ത വീടുകളില്‍ (അത്ഭുതം തോന്നുന്നോ? എന്നാല്‍ അക്കാലത്ത് അങ്ങിനെയുള്ള വീടുകളായിരുന്നു നാട്ടില്‍ അധികവും) താമസിക്കുന്നവര്‍ അവര്‍ എന്നെങ്കിലും എടുത്ത ഫോട്ടോകള്‍ നാട്ടുകാരെ കാണിക്കാന്‍ മൊയ്തീന്‍ കുട്ടിയുടെ ബാര്‍ബര്‍ ഷാപ്പിലെ ചുമരിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അതെല്ലാം കണ്ടു രസിച്ച് കലര്‍പ്പില്ലാത്ത മുസ്ലീം ലീഗുകാരനായിരുന്ന മൊയ്തീന്‍ കുട്ടിയുടെ രാഷ്ട്രീയ ആവേശ പ്രകടനവും കണ്ടൊരു മുടിവെട്ട് അന്നത്തെ ചെറുപ്പക്കാരുടെയെല്ലാം ഹരമായിരുന്നു. ഗള്‍ഫില്‍ പോകുന്നതു വരെ എന്റെ മുടി വെട്ടിയത് മൊയ്തീന്‍ കുട്ടി ആയിരുന്നു.
 

1984 ജൂലായില്‍ റിയാദിലെത്തി അവിടെ നിന്നും അല്‍ ഖസീമിലെ ഖുറൈമാനിലെ ഒരു കുഗ്രാമത്തിലെത്തിയ ഞാന്‍ മാസങ്ങള്‍ കഴിഞ്ഞ് ആദ്യമായി മുടി വെട്ടുന്നത് ഈ മൊയ്തീന്‍ കുട്ടിയുടെ കൈയും കത്രികയും കൊണ്ടായിരുന്നു എന്നതാണ് വലിയൊരു അത്ഭുതം. ഖസീമിലെത്തി മുടിയും ഉള്ള താടിയും ഒക്കെ നീട്ടി അങ്ങിനെ നടന്നിരുന്ന ഞാന്‍ ഒരു ദിവസം ഉമ്മ അയച്ച കത്തില്‍ നിന്നാണ് നമ്മുടെ ബാര്‍ബര്‍ മൊയ്തീന്‍ കുട്ടിയും അല്‍ ഖസീമില്‍ എത്തിയിട്ടുണ്ടെന്ന വിവരം അറിയുന്നത്. എന്റെ പോസ്ററ് ബോക്സ് ഉള്ള അതേ മദ്നബിലെ പോസ്ററ് ഓഫീസില്‍ തന്നെയാണ് അവന്റെ അഡ്രസ്സും. അങ്ങിനെ ഒരു വ്യാഴാഴ്ച ഉച്ചക്ക് ഞാനും കൊടിയത്തൂരിലെ ഹമീദ്ക്കയും കക്കാടമ്മലെ കോയക്കുട്ടിയും (അവരും എന്റെ കൂടെ ഭാഗ്യം തേടിപ്പുറപ്പെട്ട ഗള്‍ഫുകാര്‍ ആണ് കെട്ടോ) മൊയ്തീന്‍ കുട്ടിയേയും തേടി മദ്നബിലെത്തി. ആ കൊച്ചു അങ്ങാടിയിലെ സകല ബാര്‍ബര്‍ ഷോപ്പുകളും ഞങ്ങള്‍ പരതി. അങ്ങിനെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് മൊയ്തീന്‍ കുട്ടിയെ കണ്ടെത്തി. രണ്ട് മൂന്ന് മാസമായി താടിയും മുടിയുമൊന്നും മുറിക്കാത്ത എനിക്ക് എന്റെ ഫാവറൈററ് ബാര്‍ബറെ കിട്ടിയപ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കണോ. ആദ്യമായി നാട്ടുകാരെ കണ്ടപ്പോള്‍ മൊയ്തീന്‍ കുട്ടിക്കും ഏറെ സന്തോഷം.

സൌദിയിലെ ബാര്‍ബര്‍മാരുടെ ഭക്ഷണ സമയം അറിയാലോ. അസര്‍ ബാങ്ക് കൊടുത്തപ്പോ റൂമില്‍ പോയി മൊയ്തീന്‍ കുട്ടി ഉണ്ടാക്കി വെച്ച കോഴിക്കറിയും കുബൂസും കഴിച്ചു. പിന്നീട് ഷോപ്പിലേക്ക് തന്നെ മടങ്ങി വന്ന് മൂന്ന് പേരുടേയും തലയില്‍ മൊയ്തീന്‍ കുട്ടി ഒരു വല്ലാത്ത ശ്രമദാനം തന്നെയാണ് നടത്തിയത്. മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ വെട്ടിയപ്പോഴാണ് ഒരു വിധം മനുഷ്യക്കോലമായി ഞങ്ങള്‍ മാറിയത്. ഞാന്‍ ഇപ്പോ ഓര്‍ത്ത് പോവുകയാണ്, അക്കാലത്ത് ഈ ക്യാമറയുള്ള മൊബൈല്‍ ഫോണും ഫൈസ്ബുക്കും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അനശ്വരമായ കുറേ സ്നാപ്പുകള്‍ക്ക് വകുപ്പുണ്ടായിരുന്നല്ലോ. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു എങ്കിലും വാലന്‍മൂട്ട അരിക്കാത്ത കുറേ നല്ല സ്നാപ്പുകള്‍ എന്റെ അകത്തളങ്ങളില്‍ ഫ്രൈം ചെയ്ത് വെച്ചിട്ടുണ്ട്. രാത്രി മൊയ്തീന്‍ കുട്ടിയുടെ ആതിഥ്യം സ്വീകരിച്ച് നെയ്ച്ചോറും കോഴിക്കറിയും ഒക്കെ കഴിച്ച് ഞങ്ങള്‍ അവന്റെ മുറിയില്‍ കിടന്നുറങ്ങി. ഗള്‍ഫില്‍ വന്ന് ആദ്യമായിട്ട് ഒരു എ.സി റൂമില്‍ ഉറങ്ങുന്നത് അന്നാണ്. ഓ, അങ്ങിനെയുമല്ല എന്റെ ജീവിതത്തില്‍ ആദ്യത്തെ എ.സി റൂം ഉറക്കം അവിടെ തന്നെയാണ്. അതൊരു വല്ലാത്ത അനുഭൂതി ആയിരിക്കും അല്ലെ. സത്യമാണ്, ഉണര്‍ന്നത് പിറേറന്ന് ജുമുഅക്ക് പോകുന്നതിന് അല്‍പ്പം മുന്‍പ് മാത്രമാണ്.

വൈകുന്നേരം മൊയ്തീന്‍ കുട്ടിയോട് വിട പറഞ്ഞിറങ്ങി. മൂന്നോ നാലോ വണ്ടിയില്‍ കയറിയാലും പിന്നേയും അഞ്ചാറ് കിലോമീററര്‍ നടന്നാലേ ഞങ്ങള്‍ക്ക് കൂടണയാനാകൂ. ഉദാരമതികളായ അറബികളാണ് ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു പോയിരുന്നത്. പിന്നേയും ഇടക്കെല്ലാം നാല്‍പ്പതോളം കിലോമീററര്‍ അകലെയുള്ള മൊയ്തീന്‍ കുട്ടിയെ ഞങ്ങള്‍ പോയി കാണാറുണ്ടായിരുന്നു.

                വര്‍ഷങ്ങള്‍ പലത് കടന്നു പോയി. ഒന്‍പത് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും റിയാദില്‍ തിരിച്ചെത്തി. ജീവിതത്തിലെ പല പരീക്ഷണങ്ങളിലൂടേയും കടന്നു പോയി. എപ്പോഴോ നാട്ടില്‍ അവധിക്ക് വന്നപ്പോ രൂപത്തിലും പെരുമാററത്തിലും ഒരു കുട്ടിത്തം കാത്ത് സൂക്ഷിച്ചിരുന്ന മൊയ്തീന്‍ കുട്ടിയെ ഞാന്‍ നാട്ടില്‍ വെച്ചും കണ്ടു മുട്ടി. പതുക്കെ നടക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്ന മൊയ്തീന്‍ കുട്ടിയെ അന്ന് നാട്ടില്‍ വെച്ച് കണ്ടത് ജീവിതത്തിലെ അവസാന കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയില്ല.

നാല് വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു റിയാദിലെ അല്‍ ബാബ്തയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.ടി ഗഫൂര്‍ എന്നെ വിളിച്ചു പറഞ്ഞു, നമ്മുടെ ബാര്‍ബര്‍ മൊയ്തീന്‍ കുട്ടി മരണപ്പെട്ടു എന്ന്. മൊയ്തീന്‍ കുട്ടി ജീവിതം നെയ്തെടുത്ത അല്‍ ഖസീമിലെ മദ്നബില്‍ വെച്ച് തന്നെയായിരുന്നു അന്ത്യവും. ഹൃദയാഘാതമായിരുന്നു. വിവരമറിഞ്ഞ രാത്രിയില്‍ തന്നെ ഗഫൂറിന്റെ വണ്ടിയില്‍ ഞാനും ബാബ്തയിനില്‍ തന്നെയുള്ള അബ്ദുറഹ്മാനും നാദക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുറഹിമാനും ചേര്‍ന്ന് അങ്ങോട്ട് പുറപ്പെട്ടു. ബുറൈദയില്‍ മൊയ്തീന്‍ കുട്ടിയുടെ മൃതദേഹമുള്ള ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോയ ശേഷം അദ്ദേഹം ജോലി ചെയ്ത ആ ബാര്‍ബര്‍ ഷോപ്പിലും പോയി.

താമസിക്കുന്ന റൂമില്‍ നിന്നും താക്കോലെടുത്ത് മൊയ്തീന്‍ കുട്ടി മാത്രം തുറന്നിരുന്ന ആ ഷോപ്പ് തുറന്ന് അകത്ത് കടന്നപ്പോള്‍ കണ്ട കാഴ്ചകള്‍ ശരിക്കും ഹൃദയഭേദകമായിരുന്നു. ജീവിതത്തിലെ എന്തെല്ലാമോ തയ്യാറെടുപ്പുകളുടെ നേര്‍ക്കാഴ്ചകള്‍. എഴുതി മുഴുമിപ്പിക്കാത്ത കത്തുകള്‍, മക്കള്‍ക്ക് അയക്കാനായി വാങ്ങി വെച്ച് ഡ്രസ്സുകള്‍ അങ്ങിനെ എന്തെല്ലാം. പെട്ടെന്നായിരുന്നു മൊയ്തീന്‍ കുട്ടിയുടെ അന്ത്യം. ഒരു സുഹൃത്തിന്റെ പ്രവാസത്തിന്റെ തുടക്കവും ഒടുക്കവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മനസ്സില്‍ എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ് മൊയ്തീന്‍ കുട്ടി എന്ന എന്റെ നാട്ടുകാരന്‍.

0000000000000000000000000000000

 

Tuesday, October 30, 2012

മരുഭൂമിയില്‍ കേട്ട ഇന്ദിരാജിയുടെ മരണവാര്‍ത്ത

മരുഭൂമിയില്‍ കേട്ട ഇന്ദിരാജിയുടെ മരണവാര്‍ത്ത

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് കൃത്യം മൂന്ന് മാസം മുന്‍പാണ് ഞാന്‍ എന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. വന്ന് ആദ്യത്തെ ഒന്‍പത് മാസം ഞാന്‍ സൌദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയിലെ ഖുറൈമാന്‍ എന്ന ഒരു ഗ്രാമത്തിലാണ് ജോലി ചെയ്തിരുന്നത്. നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയവും ഫുട്ബോളും ഒക്കെ ആയി അങ്ങിനെ നടന്നിരുന്ന ഒരു കാലത്താണ് ഞാന്‍ മരുഭൂമിയുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ഉള്‍പ്രദേശമായ ഖുറൈമാനടുത്തുള്ള വഹാബിയ്യയില്‍ പ്രവാസം തുടങ്ങുന്നത്. ഇതിനെക്കുറിച്ചെല്ലാം പറയാന്‍ ഒരു പാടുണ്ട്. വൈദ്യുതിയോ മററ് സംവിധാനങ്ങളോ ഇല്ലാത്ത ഒരു ഒററ മുറി കട്ടവീട്ടില്‍ ആണ് താമസം. മോട്ടോര്‍ ഓയിലിന്റെ ഒഴിഞ്ഞ ടിന്നില്‍ തിരിയിട്ട് ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് വെളിച്ചം കണ്ടിരുന്നത് രാത്രിയില്‍. ജൂലായ് മാസം ആയതിനാല്‍ സൌദിയിലെ ഉയര്‍ന്ന താപനിലയുള്ള സമയം. പകല്‍വെയിലില്‍ ചുട്ടു പഴുത്തു നില്‍ക്കുന്ന മുറിക്കകത്തു നിന്നും കമ്പിക്കട്ടില്‍ വീടിന്റെ പുറത്ത് കൊണ്ടു വന്നിട്ടാണ് രാത്രി ഒരു മണി വരെ ഉറക്കം. അതു കഴിഞ്ഞാല്‍ മരുഭൂമി തണുത്ത് തുടങ്ങും. അപ്പോള്‍ കട്ടില്‍ അകത്തേക്ക് പൊക്കിയെടുത്തു കൊണ്ടു പോയി അവിടെ ഉറക്കം തുടരും. കാലെത്തെണീററ് പാക്കിസ്ഥാനി ചാച്ചയുടെ കൂടെ അദ്ദേഹത്തിന്റെ ബുള്‍ഡോസറിനടുത്തേക്ക് പോകും. ഒരു വിധം എല്ലാ ജോലികളും പഠിക്കാന്‍ അവസരം ലഭിച്ച ആ ഒന്‍പത് മാസക്കാലം എനിക്ക് മറക്കാനാകില്ലൊരിക്കലും. എല്ലാവിധ ജീവിത സാഹചര്യങ്ങളോടും ഇണങ്ങാന്‍ പഠിച്ചതും അക്കാലത്തു തന്നെ.

ഉച്ചക്ക് ജോലി കഴിഞ്ഞാല്‍ ഞാന്‍ അവിടെ വെച്ച് പരിചയപ്പെട്ട ആട്ടിടയനായ കൊല്ലം അഞ്ചലുകാരന്‍ അബ്ദുറഹ്മാന്റെ കൂടെ തൊട്ടടുത്ത ഫാമില്‍ ട്രാക്ററര്‍ ഓടിക്കുന്ന തൃശൂരുകാരനായ പോള്‍ ചേട്ടന്റെ റൂമിലേക്ക് പോകും. അവിടെ വെച്ച് പോളും ആന്ധ്രക്കാരനായ ലിങ്കണ്ണനും ഉണ്ടാക്കുന്ന ചോറും പയറു കറിയും കഴിക്കും. നാല് മണിക്കൂര്‍ വിശ്രമസമയം വിമുക്ത ഭടനായ പോള്‍ ചേട്ടന്റെ പട്ടാളക്കഥകള്‍ കേള്‍ക്കാനാണ് ചിലവഴിക്കാറ്. ശ്രോതാക്കളുണ്ടെങ്കില്‍ പോള്‍ ആവേശഭരിതനാകും. നിറഞ്ഞ കോണ്‍ഗ്രസുകാരനായ പോളിന് സ്വാതന്ത്യ്ര സമരത്തെക്കുറിച്ചും ഇന്‍ഡോ പാക് യുദ്ധങ്ങളെക്കുറിച്ചെല്ലാം പറയാന്‍ നൂറ് നാക്കാണ്. വൈകുന്നേരം ജോലി കഴിഞ്ഞാല്‍ എന്നെ വിളിക്കാന്‍ വരുന്ന അബ്ദുറഹ്മാന്റെ കൂടെ ഞാന്‍ മൂന്ന് കിലോമീറററോളം ഗോതമ്പ് പാടങ്ങളിലൂടെ നടന്ന് പോളിന്റെ വീട്ടില്‍ പോകും. അവിടെ പോളിന് ഒരു റേഡിയോയുണ്ട്. ബാറററിയില്‍ പ്രവര്‍ത്തിക്കുന്ന ആ റേഡിയോ ആണ് അന്ന് ഞങ്ങളുടെ ഏക വാര്‍ത്താ മാധ്യമം. രാത്രി 8 മണി മുതല്‍ 30 മിനുററ് നേരത്തേക്ക്  കുവൈത്ത് റേഡിയോയില്‍ ഉറുദു പ്രോഗ്രാം ഉണ്ട് ദിവസവും. അതില്‍ ആദ്യത്തെ 10 മിനുററ് വാര്‍ത്തകളാണ്. നാട്ടില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളെല്ലാം ഞങ്ങളറിയുന്നത് ആ വാര്‍ത്താ പ്രക്ഷേപണത്തിലൂടെയാണ്. സൌദി അറേബ്യന്‍ ടെലിവിഷന്റെ രണ്ട് ചാനലുകള്‍ മാത്രം ലഭ്യമായിരുന്ന അക്കാലത്ത് ഞങ്ങള്‍ താമസിക്കുന്നിടത്ത് അതും കിട്ടിയിരുന്നില്ല. എല്ലാ വ്യാഴാഴ്ചയും പോള്‍ ചേട്ടന്റെ പിക്കപ്പിന്റെ പുറത്ത് കയറി ഞങ്ങള്‍ പതിനെട്ട് കിലോമീററര്‍ അകലെ ഖുറൈമാനിലെ ഗ്യാസ് കട നടത്തുന്ന ഹിന്ദിക്കാരുടെ റൂമില്‍ പോകും. എന്തിനാണെന്നോ? അവിടെയാണ് അടുത്ത പ്രദേശത്ത് ടി.വി യും വി.സി.ആറും ഉള്ളത്. ഒരാള്‍ രണ്ട് റിയാല്‍ വീതം കൊടുത്താല്‍ അവിടെ നിന്നു ഹിന്ദി സിനിമകള്‍ കാണാം. ഖുറൈമാനില്‍ നിന്നും 60 കിലോമീററര്‍ ദൂരെയുള്ള ഒനൈസ എന്ന സ്ഥലത്തു നിന്നും ആഴ്ചയില്‍ ഇവര്‍ കൊണ്ടു വരുന്ന സിനിമാ കാസററുകള്‍ കാണാന്‍ വന്‍ ജനക്കൂട്ടമാണ് അടുത്തുള്ള മസ്രകളില്‍ നിന്നെല്ലാം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവിടെ ഒഴുകിയെത്തുന്നത്. അമിതാബ് ബച്ചന്റെ കൂലി എന്ന സിനിമയും ശത്രുഖ്നന്‍ സിന്ഹയും മററും അഭിനയിച്ച ദോസ്താനയും ഒക്കെ ഞാന്‍ അവിടെ വെച്ചാണ് കണ്ടത്.
അങ്ങിനെ ദിവസങ്ങള്‍ തള്ളി നീക്കവെ അത്യാവശ്യം തണുപ്പുള്ള ഒക്ടോബര്‍ 31 ന് രാത്രിയും ഞങ്ങള്‍ പോളണ്ണന്റെ വീട്ടില്‍ ഒരുമിച്ചു കൂടി വാര്‍ത്ത കേള്‍ക്കാനായി. ശരീരം മരവിക്കുന്ന തണുപ്പത്തിരുന്നു കൊണ്ട് വാര്‍ത്ത കേള്‍ക്കവേയാണ് മനസ്സും മരവിച്ചു പോയ ആ ദുഖവാര്‍ത്ത കേള്‍ക്കുന്നത്. എന്റെ പ്രിയപ്പെട്ട നേതാവ് ഇന്ദിരാ പ്രിയദര്‍ശിനിയെ സ്വന്തം അംഗരക്ഷകര്‍ തന്നെ വെടിവെച്ചു കൊന്നിരിക്കുന്നു. കാലത്ത് 10.30 ന് നടന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ അറിയാന്‍ ഞങ്ങള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഉറുദുവില്‍ വരുന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പരിഭാഷപ്പെടുത്തി തരുന്നതും പട്ടാളക്കാരനായിരുന്ന പോള്‍ ചേട്ടന്‍ തന്നെയായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊന്നു എന്ന് മാത്രം ഞങ്ങള്‍ക്കും മനസ്സിലായി. കൂടുതല്‍ അറിയണമെങ്കില്‍ പോള്‍ പരിഭാഷപ്പെടുത്തിത്തരണം. ഞങ്ങള്‍ റേഡിയോയിലേക്കും പോളണ്ണന്റെ മുഖത്തേക്കും മാറി മാറി നോക്കിയിരുന്നു. പോളണ്ണന്റെ മുഖത്ത് എന്തൊക്കെയോ ഭാവമാററം. വലിയ ധൈര്യവാനെന്ന് പട്ടാളക്കഥകള്‍ പറയുമ്പോ സ്വയം പുകഴ്ത്തിയിരുന്ന പോളണ്ണന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് പോള്‍ ഇരുന്നിരുന്ന മരപ്പെട്ടിയുടെ മുകളില്‍ നിന്നും ബോധരഹിതനായി പുറകിലേക്ക് മറിഞ്ഞു വീണു. നൂറിലധികം കിലോ ഭാരമുണ്ടായിരുന്ന പോളണ്ണനെ കട്ടിലിലേക്കെടുത്ത് കിടത്തി വെള്ളമൊക്കെ തളിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിന് പിന്നീട് ബോധം കുറേശ്ശെ  തിരിച്ചു കിട്ടിയത് അര മണുക്കൂര്‍ കഴിഞ്ഞാണ്.
ഇങ്ങിനെ കോടിക്കണക്കിന് ആളുകളുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തിയ ഒരിക്കലും മായാത്ത ദുസ്വപ്നമായി മാറിയ വാര്‍ത്തയായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു ഞങ്ങള്‍ക്കന്ന്. മലയാള പത്രമോ ഏതെങ്കിലും ഒരു വാര്‍ത്താ ചാനലോ കാണാന്‍ ഞങ്ങള്‍ക്കന്ന് അവസരമുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധി എന്നെന്നേക്കുമായി വിട പറഞ്ഞു എന്ന് മാത്രമറിഞ്ഞു. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രം 40 കിലോ മീററര്‍ അകലെയുള്ള മദ്നബ് എന്ന സ്ഥലത്ത് വരുന്ന മലയാള പത്രങ്ങള്‍ കാണണം. ടെലഫോണ്‍ സൌകര്യമോ പുറംലോകവുമായി മറേറതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് കേട്ട ഒരു വലിയ വാര്‍ത്ത തീര്‍ത്ത ആഘാതം ഞങ്ങള്‍ക്ക് എത്രയേറെ വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. 
oooooooooooooooooooooooooooooooooooooooooooooooooooooo