Saturday, July 25, 2020


അബു താരിഖിന്റെ വത്തക്കയും സൗദിയിലെ ആദ്യ നോമ്പും

ഷക്കീബ് കൊളക്കാടൻ  

സൗദി അറേബ്യയിൽ ഞാൻ ജീവിതം നെയ്ത് തുടങ്ങിയത് അൽഖസീമിലെ ഒരു കുഗ്രാമത്തിലായിരുന്നു. അവിടെ കഴിഞ്ഞ ഒൻപത് മാസത്തെ തീഷ്ണമായ അനുഭവ സമ്പത്ത് ആണ് പിന്നീടുള്ള കാലം എന്നെ നയിച്ചത് എന്ന് പറയാം.
കൊടും ചൂടുള്ള ഒരു ജൂലൈ മാസത്തിലാണ് ഞാൻ ഖസീമിലെ മദ്നബ് എന്ന സ്ഥലത്തു നിന്നും 45 കിലോമീറ്റർ അകലെയുള്ള ഖുറൈമാനിൽ എത്തുന്നത്. ഖുറൈമാൻ പഴയ ബുറൈദ, ദവാദമി ഹൈവെയിലുള്ള ഒരു ചെറിയ ഗ്രാമം. അവിടുന്ന് മരുഭൂമിയിലൂടെയുള്ള 18 കിലോമീറ്റർ പോയാൽ വഹാബിയ എന്ന കുഗ്രാമത്തിൽ എത്തും. 18 കിലോമീറ്റെർ ദൂരം റോഡില്ല. ഓടിക്കുന്ന വഴിയെല്ലാം റോഡ് ആണ്. ഇടക്ക് വണ്ടിയുടെ ടയർ മണലിൽ പൂണ്ടു പോകും. പിന്നെ മണൽ മാറ്റി ഏറെ പാടുപെട്ട് വേണം മുന്നോട്ട് പോകാൻ. എന്നെ എന്റെ സ്പോൺസറുടെ ഈജിപ്ഷ്യൻ ഡ്രൈവർ ഫൗസി ആണ് അവന്റെ പിക്കപ്പിൽ അങ്ങോട്ട് കൊണ്ട് പോയത്. അറബി എനിക്കറിയാത്തത് കൊണ്ടും അവൻ ഇംഗ്ലീഷ് 'മാഫി' ആയത്കൊണ്ടും ആംഗ്യഭാഷ മാത്രമായിരുന്നു ഞങ്ങളുടെ താൽക്കാലത്തെ മീഡിയം.
മലയാളി സാന്നിധ്യം ആദ്യമൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഗ്രാമത്തിലെ എന്റെ സഹവാസം സ്പോൺസറുടെ ഈജിപ്ഷ്യൻ, സുഡാനി, സോമാലിയൻ ജോലിക്കാരോടൊപ്പം. സ്പോൺസർ കൊണ്ട് വന്ന ജോലി ഞങ്ങളുടെ ബോംബേയിൽ നിന്നുള്ള വരവ് വൈകിയതിനാൽ മുടങ്ങി പോയത് കൊണ്ടാണ് ഇലക്ട്രീഷ്യൻ വിസയിലുള്ള എന്നെ അദ്ദേഹത്തിന്റെ നാടായ ഗ്രാമത്തിലേക്ക് വലിച്ചത്. എന്റെ കൂടെയുള്ള ബാക്കി എട്ട് പേരും റിയാദിൽ തന്നെ.

അദ്ദേഹത്തിന്റെ വീടിനടുത്തായി വഹാബിയയിൽ ഒരു വലിയ പള്ളി വരുന്നു. അതിന്റെ ജോലി ഇദ്ദേഹമാണ് കരാറെടുത്തിരിക്കുന്നത്. അതിന്റെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വയറിങ് ജോലികൾ എന്നെകൊണ്ട് ചെയ്യിക്കാനാണ് അദ്ദേഹം ഇങ്ങോട്ട് കൊണ്ട് വന്നത്. എന്ത് ചെയ്യാം, ആദ്യത്തെ ദിവസത്തെ എന്നെ വെച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഒരു വൻ പരാജയമായി. കൊണ്ട് വന്ന പണിക്ക് എന്നെ പറ്റില്ല എന്നയാൾക്ക് ബോധ്യപ്പെട്ടു. എന്നാൽ പിന്നെ എന്തിനെങ്കിലും ഒക്കെ അവനെ ഉപയോഗിക്കാം എന്ന് കഫീലും മനസ്സിൽ പറഞ്ഞു കാണും.എനിക്കാണെങ്കിൽ എങ്ങിനെയെങ്കിലും ഗൾഫിൽ പിടിച്ചു നിന്നെ പറ്റൂ എന്ന വാശിയും. കാരണം അത്രമാത്രം ആഗ്രഹിച്ച് ഒരു ഗംഭീര യാത്രയയപ്പ് എല്ലാം കഴിഞ്ഞു വന്നതാണ് ഞാൻ.
ഗ്രാമത്തിൽ ഇലക്ട്രിസിറ്റി വന്നത് ആയിടെയാണ്. സർക്കാർ ഗോതമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജലസേചനത്തിനും മറ്റുമായി ആധുനിക കൃഷി രീതി കൊണ്ട് വരാൻ വമ്പിച്ച രീതിയിൽ സബ്സിഡിയും ലോണും നൽകുന്ന സമയം. 'റഷാശ്' എന്ന് അറബിയിൽ പറയുന്ന കൂറ്റൻ സ്പ്രിംഗ്ളർ സ്പാനിഷ്, ജർമൻ കമ്പനികളുടെ സഹായത്തോടെ അറബികൾ തങ്ങളുടെ കൃഷിയിടത്തിൽ ഫിറ്റ് ചെയ്യുന്ന കാലം. ഇതിന്റെ കരാർ ജോലികളായിരുന്നു എന്റെ സ്പോൺസറുടെ നാട്ടിലെ പ്രധാന പരിപാടി. അതോടൊപ്പം അദ്ദേഹത്തിന് നോക്കെത്താ ദൂരത്ത് നല്ല അമേരിക്കൻ തണ്ണിമത്തൻ കൃഷിയുമുണ്ട്.
ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. ഇതിനു 'ഒർഫ' (ഒറ്റമുറി വീട്) എന്നാണ് അറബിയിൽ പറയുന്നത്. ഒർഫയിൽ കറന്റ് ഇല്ല. എൻജിൻ ഓയിലിന്റെ ടിന്നിന് തിരിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുന്നതാണ് അന്ന് ഞങ്ങളുടെ വിളക്ക്. നല്ല ചൂട് കാലം. രാത്രി ഉറങ്ങുന്നത് സ്റ്റീൽ ഫ്രെയിം ഉള്ള സ്പ്രിങ് കട്ടിൽ പുറത്തിട്ടിട്ടാണ്. നല്ല കാറ്റുള്ളതിനാൽ അത്യാവശ്യം തണുപ്പുണ്ടാകും. എന്നാൽ ഒരു മണിയായാൽ കാറ്റിന്റെ ശക്തിയും തണുപ്പും കൂടും. അപ്പോൾ ഒട്ടും കനമില്ലാത്ത കട്ടിൽ ഒറ്റക്കൈ കൊണ്ട് തൂക്കി ഒര്ഫക്കകത്തേക്കിട്ട് ഉറക്കം തുടരും.
അങ്ങിനെയിരിക്കെ റമദാൻ വന്നു. കഫീലിന്റെ തണ്ണിമത്തൻ വിളവെടുപ്പിന് സമയമായി. തണ്ണിമത്തൻ കൃഷിയും വിൽപ്പനയുമെല്ലാം അമേരിക്കൻ ജനിതകമാറ്റം വരുത്തിയ വിത്തുകൾ വരുന്നതിന് മുൻപേ തന്നെ പരമ്പരാഗതമായി സൗദികളുടെ കൃഷിയിൽ പെട്ടതാണത്രേ. പ്രവാചകന്റെ കാലത്തു തന്നെ വത്തക്ക കൃഷി ഇവിടെയെല്ലാം നടപ്പുണ്ടായിരുന്നു. നോമ്പ് തുറന്നു കഴിയുന്ന ഉടനെ മഗരിബ് നമസ്കാരവും കഴിഞ്ഞു ഞാനും സബൂർ എന്ന ഈജിപ്ഷ്യനും ചേർന്ന് അവന്റെ ട്രാക്ടറിൽ വത്തക്ക തോട്ടത്തിലേക്ക് നീങ്ങും. സ്പോൺസർ അദ്ദേഹത്തിന്റെ ചുവന്ന ജി എം സി പിക്ക് അപ്പ് മഗ്രിബിന്മുൻപ് തന്നെ തോട്ടത്തിൽ കൊണ്ട് വന്ന് നിർത്തിക്കാണും. ട്രാക്ടറിന്റെ വെളിച്ചത്തിൽ മൂത്ത് പാകമായ തണ്ണിമത്തൻ പറിച്ച് ജി എം സി യിൽ നിറക്കുന്ന പണിയാണ് ഞങ്ങൾക്ക്. നാട്ടിൽ ഫുട്ബോൾ കളിച്ചു നടക്കുന്ന കാലത്ത് ഗൾഫിലേക്ക് വന്ന എനിക്ക് ഇതൊക്കെ ഒരു ഹരമായിട്ടാണ് അന്ന് തോന്നിയത്. ലോഡ് നിറഞ്ഞാൽ പിന്നെ റൂമിലേക്ക് മടങ്ങും. പന്ത്രണ്ട് മണിയോടെ അത്താഴം കഴിഞ്ഞാൽ ഉടനെ സ്പോൺസർ വരും. ഞാനും അദ്ദേഹവും കൂടെ ഒറ്റ പോക്കാണ് പിന്നെ. ബുറൈദയിലെ വെജിറ്റബിൾ മാർക്കറ്റാണ് ലക്ഷ്യം. നൂറിലധികം കിലോമീറ്റർ ദൂരമുണ്ട് ബുറൈദയിലേക്ക്.

രാത്രി കഫീലിന് വണ്ടി ഓടിക്കാൻ കഴിയില്ല, ഉറക്കം തൂങ്ങും. ഹൈവേയിൽ എത്തിയാൽ പിന്നെ വണ്ടി ഞാനാണ് ഓടിക്കുന്നത്. ലൈസൻസ് ഇല്ലാത്ത എനിക്ക് ഡ്രൈവിംഗ് ഒരു വല്ലാത്ത ലഹരി ആയിരുന്നതിനാൽ ഓട്ടോമാറ്റിക് വണ്ടിയിലെ ആദ്യ പരീക്ഷണങ്ങൾക്ക് നല്ല ആവേശമായിരുന്നു. രണ്ടു കാലുകളും ഡാഷ് ബോർഡിൽ കയറ്റി വെച്ച് സുഖമായി ഉറങ്ങുന്ന അബു താരിഖ് (സ്പോൺസറെ അങ്ങിനെ ആയിരുന്നു വിളിക്കാറ്) എന്റെ സ്പീഡ് കൂടി എന്ന് തോന്നിയാൽ നൽകുന്ന ഉപദേശം ഒരു കാലത്തും ഞാൻ മറക്കില്ല. 120 കിലോമീറ്റർ സ്പീഡ് വരെ നീയാണ് രാജാവ് അത് കഴിഞ്ഞാൽ പിന്നെ വണ്ടി ആയിരിക്കും റയീസ് (രാജാവ് ) എന്ന്. സുബഹി ബാങ്ക് കൊടുക്കുന്നതിനു മുൻപേ തന്നെ ഞങ്ങൾ വിശാലമായ ബുറൈദ പച്ചക്കറി മാർക്കറ്റിന്റെ ഗ്രൗണ്ടിൽ എത്തും. സുബഹി വരെ അബു താരിഖ് പള്ളിയിൽ പോയി കിടക്കും, ഞാൻ വണ്ടിയിലും. മൊബൈലും വാട്സ് ആപ്പും ഒന്നും ഇല്ലാത്തതിനാൽ ഉറങ്ങുകയേ മാർഗ്ഗമുള്ളു. സുബഹി നിസ്കാരം കഴിയുന്നതോടെ അൽ ഖസീം മാർക്കറ്റ് സജീവമാകും. വത്തക്കയുടെ ലോഡുകൾ തന്നെ വരി വരിയായി. പിന്നെ കൂസയും, ഈത്തപ്പഴവും മറ്റ് പച്ചക്കറികളും. വെളിച്ചം വന്നു തുടങ്ങുന്നതോടെ ഏജന്റുമാരും കച്ചവടക്കാരും എത്തും. പിന്നെ ലേലം വിളികളാണ്. അബു താരിഖ് എന്നെ വത്തക്ക വിൽപ്പനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചിരുന്നു. ഒരു ലോഡ് വത്തക്ക 350 മുതൽ 400 വരെ റിയാലിന് ലേലം പോകും. ലേലം കൊണ്ട അറബി അദ്ദേഹത്തിന്റെ വണ്ടി ഇതിന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തും. ലോഡ് ഇറക്കാനായി നിരനിരയായി പാകിസ്ഥാനികളും യമനികളും ഉണ്ടാകും. ഒരു ലോഡ് അടുത്ത വണ്ടിയിൽ കയറ്റാൻ പത്ത് റിയാലാണ് വാങ്ങിയ ആൾ കൊടുക്കുന്നത്. രണ്ടു തവണ പാകിസ്ഥാനി എന്റെ ലോഡ് ഇറക്കി. പിന്നെ എല്ലാം ഞാൻ തന്നെ ഇറക്കും. പത്ത് റിയാൽ എനിക്ക്. അതൊക്കെ വലിയ ആവേശത്തോടു കൂടിയായിരുന്നു ഞാൻ ചെയ്തിരുന്നത്. റമദാൻ 30 ദിവസവും ഇതായിരുന്നു ജോലി. 36 വര്ഷം മുൻപുള്ള ബുറൈദ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിന്റെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. രാത്രി മാർക്കെറ്റിൽ എത്തിയ ഉടനെ യമനിയുടെ കടയിൽ നിന്നും അബു താരിഖ് ഒരു സൗദി മിൽക്കും ഒരു അൽമറായി ലബനും വാങ്ങും. ഇത് രണ്ടും കൂടെ മിക്സ് ചെയ്ത് ഞങ്ങൾ കുടിക്കും. അബു താരിഖ് വയറ്റിലെ ഗ്യാസ് പോകാൻ ചെയ്യുന്ന വിദ്യയായിരുന്നത്രെ അത്. ഇത് ഞാൻ ഇപ്പോഴും പരീക്ഷിക്കാറുണ്ട്.
പിന്നീട് ഓരോ നോമ്പ് കാലം വരുമ്പോഴും 1984 ലെ സൗദിയിലെ കന്നി റമദാൻ നല്ലോർമകളായി മനസ്സിലേക്ക് ഓടിയെത്തും. അബു താരിഖിന്റെ മസ്രയും ബുറൈദയിലെ വെജിറ്റബിൾ മാർക്കറ്റും.
                                                      oooooooooooooooooooooooo




സൗഹൃദത്തിന്റെ കരുത്തിൽ കൊവിഡിനെ തുരത്തി ഷക്കീൽ തിരിച്ചെത്തി   


- ഷക്കീബ് കൊളക്കാടൻ


എതിരാളിയുടെ ഗോൾ വലയിലേക്ക് പന്തടിച്ചു കയറ്റുന്ന അതെ ലാഘവത്തോടെയാണ് ഷക്കീൽ തിരൂർക്കാട് കോറോണയെയും നേരിട്ടത്. റിയാദിലെ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഷക്കീൽ അറിയപ്പെടുന്നത് മികച്ച ഫുട്ബോൾ കളിക്കാരനും സംഘാടകനുമായാണ്. കെ എം സി സി യുടെ സജീവമായ കർമ്മഭടൻ കൂടി ആയതു കൊണ്ട് തന്നെ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിസ്വാർത്ഥ സേവനം.
കൂടെ താമസിക്കുന്ന ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയതാണ് ഷക്കീലിനെയും വൈറസ് ബാധിക്കാൻ കാരണമായത്. അയാളുടെ കൂടെയുള്ളവർ കോവിഡ് ബാധയില്ല എന്ന സിർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ജോലിക്ക് തുടരാനാകൂ എന്നതിനാൽ ഷക്കീൽ സഹതാമസക്കാരേയും കൂട്ടി കോവിഡ് ടെസ്റ്റിന് പോയിരുന്നു. നിർഭാഗ്യവശാൽ അവരിൽ രണ്ടു പേർക്ക് പോസിറ്റീവ് ആണെന്ന റിസൾട്ട് വന്നു. അതോടെ ഷക്കീലും ടെസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷക്കീലും കോവിഡ് ബാധിതനാണെന്ന റിസൾട്ട് വന്നു. കൂടെ മറ്റൊരാൾക്കും.
കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഷക്കീലും സുഹൃത്തും ഉടനെ സ്വയം തയ്യാറെടുപ്പ് നടത്തി റവാബിയിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിലെത്തി അഡ്മിറ്റ്ആയി. ഒരു ടൂർ പോകാനുള്ള ഒരുക്കങ്ങൾ പോലെ കുറച്ചു ദിവസത്തേക്കുള്ള എല്ലാ സന്നാഹങ്ങളും ബാഗിൽ കരുതിയാണ് ഷക്കീലും സുഹൃത്തും പോയിരുന്നത്. അവിടെയുള്ള ഫിലിപ്പിനോ, മലയാളി സ്റ്റാഫുകൾ ഏറെ കരുതലോടെയാണ് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തത് എന്നതും വലിയ ആശ്വാസമായി.

രണ്ടു ദിവസത്തിന് ശേഷം അവിടുന്ന് സ്രവം പരിശോധനക്ക് എടുത്തിട്ട് അവരെ സുലൈമാനിയയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റി. പ്രത്യേകമായ റൂമുകളിൽ എല്ലാവിധ സജ്ജീകരണങ്ങളോടെയുമാണ് അവിടെ മൂന്നാഴ്ചയോളം കഴിഞ്ഞത്. കുടുംബക്കാരുമായും സുഹൃത്തുക്കളുമായും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാൽ മൂന്നാഴ്ച നീണ്ട ഏകാന്ത വാസം ഒട്ടും വിരസമായിരുന്നില്ല. വായനയും ടി വി കാണുന്നതും സോഷ്യൽ മീഡിയ ഇടപെടലുകളും പ്രാർത്ഥനയുമായി ഓരോ ദിനവും സജീവമായിരുന്നു.
ഇതിനിടയിൽ മാനസിക തകർച്ച അനുഭവപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് വാർത്തകൾ കേൾക്കുമ്പോഴായിരുന്നു എന്നതാണ് ഷക്കീലിന്റെ അനുഭവം. ഇത്തരം വാർത്തകൾ നിരാശയും ഭീതിയും പടർത്തിയ നിരവധി സുഹൃത്തുക്കൾക്ക് ധൈര്യം പകരം പകരാനും അവസരം ഷക്കീൽ ഉപയോഗപ്പെടുത്തി. പരാജയപ്പെട്ടവരുടേത് മാത്രമല്ല ഇടക്ക് വിജയിച്ചവരുടെ കഥകളും മാധ്യമങ്ങൾ വായനക്കാർക്ക് പറഞ്ഞു കൊടുക്കണം എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. സുധീരമായി നേരിടുന്നതിലൂടെ കൊറോണ എന്നല്ല ഏതു മാരക രോഗത്തെയും കീഴ്പ്പെടുത്താനാകും എന്ന ഒരു സന്ദേശമാണ് ഷക്കീലിന് രണ്ടാഴ്ച നീണ്ട ക്വാറന്റൈൻ കാലം നൽകിയ പാഠം.
നിരന്തരം സാമൂഹ്യ പ്രവർത്തകർ വിളിച്ചു കൊണ്ടിരുന്നത് ഏറെ പോസിറ്റീവ് ഊർജ്ജം നൽകി. ഭക്ഷണവും പരിചരണവും ഏറെ ഹൃദ്യവും സുഭിക്ഷവുമായിരുന്നു.
ആദ്യ രണ്ടു തവണയും സ്രവ പരിശോധന പോസിറ്റീവ് തന്നെ ആയിരുന്നു. മൂന്നാമത്തേതാണ് നെഗറ്റീവ് ആകുന്നത്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മേയ് 19 നു വീട്ടിൽ പോകാനുള്ള ഗ്രീൻ സിഗ്നൽ ഡോക്ടർമാരിൽ നിന്നും ലഭിച്ചു. വീട്ടിലെത്തിയാലും അടുത്ത രണ്ടാഴ്ചക്കാലം ഐസൊലേഷനിൽ ആയിരിക്കും എന്ന് എഴുതി ഒപ്പിട്ടു നൽകിയാൽ മാത്രമേ വീട്ടിൽ പോകാൻ അനുമതി ലഭിക്കുകയുള്ളു.
ജീവിതത്തിലെ പ്രതികൂല കാലാവസ്ഥയിലും മനഃസ്സാന്നിദ്ധ്യം കൈവിടാതിരിക്കുകയാണ് അടിതെറ്റി വീഴാതിരിക്കാനുള്ള ഏക പോംവഴി എന്ന് ഷക്കീൽ അടിവരയിടുന്നു. സൗഹൃദത്തിന്റെ സമ്പന്നതയെക്കാൾ വലുതൊന്നുമില്ലെന്നും ഏത് ആപത്ഘട്ടത്തിലും അതേ നമുക്ക് തുണയേകുകയുള്ളൂ എന്നും തിരിച്ചറിയാൻ ജീവിതത്തിൽ ഇങ്ങനെയുള്ള അനുഭവങ്ങളും അനിവാര്യമാണ്. പ്രവാസകാലത്ത് ഫുട്ബോൾ മൈതാനത്തു നിന്നും ലഭിച്ച കുറെ നല്ല സൗഹൃദങ്ങൾ എപ്പോഴും തുണയാകുന്നു. സാമൂഹ്യജീവി എന്ന നിലയിൽ പരസ്പരം തുണയാകാനുള്ള ബാലപാഠങ്ങൾ പഠിച്ചത് മൈതാനങ്ങളിൽ നിന്നാണ് എന്നതാണ് ഷക്കീലിന്റെ അനുഭവം. തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ച് എതിരാളികളുടെ ഗോൾ പോസ്റ്റിലേക്ക് നിരന്തരം ഗോളടിച്ചു കൂട്ടിയതിലൂടെ ഷക്കീൽ സ്വന്തം കീശയിലാക്കിയ കുറെ നല്ല സൗഹൃദങ്ങൾ, മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയും റിയാദിലെ സൗദി തദാവി ഹെൽത്ത് കെയർ കമ്പനിയിലെ സൂപ്പർവൈസറുമായ  ഷക്കീലിനു എല്ലായ്പ്പോഴും തുണയേകുന്നു.

കൊറോണ മാരകമല്ല. പക്ഷേ നമ്മുടെ അശ്രദ്ധ അപകടമുണ്ടാക്കും. ജാഗ്രതയോടെയുള്ള സമീപനം നമുക്ക് രോഗം പിടിപെടുന്നതിൽ നിന്ന് മാത്രമല്ല നമ്മിലൂടെ രോഗം സമൂഹത്തിൽ പടരാതിരിക്കാനും അനിവാര്യമാണ് എന്ന വലിയ സന്ദേശവുമായാണ് ഷക്കീൽ തന്റെ റൂമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 


  
                                                    -------------------------------  




കപ്പേള പറയുന്നതും കൊറോണ കാണിച്ചതും

   ഷക്കീബ് കൊളക്കാടൻ

ആദ്യമാദ്യം വലിയ വിരസതയായിരിക്കുമെന്ന പേടിയായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വീട്ടിലിങ്ങനെ ഒരു വൈറസിനേയും പേടിച്ചു ചടഞ്ഞു കൂടിയിരിക്കുക. ഉറക്കം വരുമ്പോൾ കിടന്നുറങ്ങാനും ഇഷ്ട്ടം തോന്നുമ്പോൾ വായിക്കാനും ടി വി കാണാനും സോഷ്യൽ മീഡിയ ഇടപെടലുകൾക്കും ധാരാളം സമയമുണ്ടാകുമല്ലോ എന്നോർത്തപ്പോൾ സന്തോഷവും തോന്നി. എന്നാലും എത്രകാലമെന്നു വെച്ചാണ് ഇതെല്ലം ആയി മുന്നോട്ടു പോകുക. പക്ഷെ കുറച്ചു ദിവസമങ്ങു കഴിഞ്ഞപ്പോൾ ഒന്നിനും സമയം തികയാതെ വരാൻ തുടങ്ങി. മനുഷ്യൻ അങ്ങനെയാണല്ലോ. ജീവിക്കുന്ന ചുറ്റുപാടിനെ സ്വയംവരിക്കുന്നവർ. അത് സെൻട്രൽ ജയിലിൽ ആണെങ്കിലും അങ്ങിനെയൊക്കെയാണെന്നാണ് ജീവപര്യന്തം തടവിൽ കിടന്നു പരോളിൽ വന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമാണ് മറ്റൊരർത്ഥത്തിൽ കരുതൽ തടങ്കൽ കാലം അൽപ്പമെങ്കിലും ക്രിയാത്മകമാക്കിയത്.
അങ്ങനെയിരിക്കെയാണ് നെറ്റ്ഫ്ലിക്സിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്ന മലയാളം സിനിമ റിലീസ് ആകുന്നത്. കോഴിക്കോട്ടെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്ന പ്ലസ് ടു കഴിഞ്ഞ ഇന്നത്തെ ലോകം 'തിരിയാത്ത' ജെസ്സിയുടെ കഥ പറയുന്ന 'കപ്പേള' നമ്മുടെ കുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. നമ്മുടെ ലോകത്ത് നാം കണ്ടുമുട്ടുന്ന പലരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, പല നന്മകളും തിരിച്ചറിയാതെ പോകുന്നത് എല്ലാം സിനിമ വരച്ചു കാട്ടുന്നു. കാണാത്തവരുടെ രസച്ചരട് പൊട്ടിക്കാൻ കഥ പറയുന്നില്ല.
എന്നാൽ കൊറോണക്കാലത്ത് കണ്ട 'കപ്പേള' പറഞ്ഞ പലതും സമകാലിക സംഭവങ്ങളുമായി കൂട്ടിവായിക്കാവുന്നവയാണ്. നമുക്ക് തുണയാകുമെന്ന് കരുതിയ പലരും പാരയാകുന്നതും ഒറ്റനോട്ടത്തിൽ വില്ലന്മാരെന്ന് വിലയിരുത്തുന്ന പലരും നമുക്കും സമൂഹത്തിനും തുണയാകുന്നതും നാം  കൊവിഡ് കാലത്ത് കണ്ടുകൊണ്ടിരിക്കുന്നു. ജെസ്സിയും വിഷ്ണുവും റോയിയും എല്ലാം മാറിമാറി നമ്മോടൊപ്പം ജീവിക്കുന്നതായി അനുഭവപ്പെടുന്നു. 

കെട്ടകാലമെന്ന് പലരും വിശേഷിപ്പിച്ച കൊവിഡ് കാലത്തെ ചില തിരിച്ചറിവുകളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. 'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ' എന്ന് ഇംഗ്ലീഷിൽ ഏറെ പ്രസിദ്ധമായ ഒരു പഴമൊഴിയുണ്ടല്ലോ. അത് ഒരു ചുക്കുമല്ല എന്ന് എനിക്ക് കൊറോണക്കാലം പഠിപ്പിച്ചു തന്നു. എല്ലാ കാറ്റഗറിയിലും പെടുത്താവുന്ന ധാരാളം സുഹൃത്തുക്കളുണ്ട് എനിക്ക്. ചങ്ങാതിമാരെ തെരഞ്ഞെടുക്കുന്നതിൽ ഒരു ഫിൽറ്റർ ഞാൻ ഉപയോഗിക്കാറില്ല. കൊവിഡ് കാലത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കിടയിൽ ചില മുത്ത് പോലത്തെ സാമൂഹ്യപ്രവർത്തകരെ ഞാൻ കണ്ടു. പ്രവാസലോകത്ത് നാം കേട്ട് പഴകിയ പേരുകളൊന്നുമല്ല. ഇവർക്ക് പേരും പെരുമയുമൊന്നുമില്ല. അതൊന്നും അവർക്കത്ര കാര്യവുമല്ല. ലോക്ക്ഡൗൺ സമയമോ പിഴയോ ഒന്നും നോക്കാതെ സഹായഭ്യർത്ഥനയുമായി ഒരു ഫോൺ വിളി വന്നാൽ, ഹെൽപ്പ് ഡെസ്കിൽ ഒരു മെസ്സേജ് വന്നാൽ ഓടിയെത്തുന്ന കുറെ പേർ. റിയാദിൽ നിന്നും വിദൂരദിക്കിലുള്ള ആശുപത്രികളിലെ ഗർഭിണികളായ നഴ്സുമാർ എയർ ഇന്ത്യ ഓഫിസിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു തരാൻ ആവശ്യപ്പെട്ടാൽ രോഗവ്യാപനമൊന്നും വകവെക്കാതെ കൊടും ചൂടിൽ ഇവർ എയർ ഇന്ത്യയുടെ വരാന്തയിൽ പകലന്തിയോളം വരി നിൽക്കുകയാണ്. ഏതെങ്കിലുമൊരു ലേബർ ക്യാമ്പിൽ നിന്നും വിശപ്പിന്റെ വിളിയെത്തിയാൽ അവർക്ക് വേണ്ട ആഹാരസാധനങ്ങളും സംഘടിപ്പിച്ചു ഇവരങ്ങോട്ട് കുതിക്കും. കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളുമായി ഒരു പ്രവാസി താമസസ്ഥലത്തു നിന്നും വിളിച്ചാൽ പിന്നെ അവനെയുമെടുത്ത് റിയാദിലെ മുഴുവൻ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലും അഡ്മിഷന് വേണ്ടി ഓടി നടക്കുന്നു ഇവർ.
ഇവരിൽ പലരെയും ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചായിരിക്കും അതല്ലെങ്കിൽ കലാപരിപാടികൾ നടക്കുന്ന വേദികളിലാകും അതുമല്ലെങ്കിൽ നാട്ടിൽ നിന്നെത്തിയ രാഷ്ട്രീയ നേതാക്കളുടെ സ്വീകരണ പരിപാടിയിലാകാം. ആദ്യത്തെ എൻ്റെ പരിചയപ്പെടലിൽ കണ്ടറിഞ്ഞ ആളുകളല്ല ഇവരെന്ന് ഞാൻ തിരിച്ചറിയുന്നത് കൊവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളിലൂടെയാണ്. അവരിൽ ചിലരെ എല്ലാം പേരെടുത്ത് തന്നെ പറയേണ്ടിയിരിക്കുന്നു. വേൾഡ് മലയാളി ഫെഡറേഷന്റെ നൗഷാദ് ആലുവ, ഹാരിസ് ബാബു മഞ്ചേരി, സി സി യുടെ നവാസ് കണ്ണൂർ, കേളിയുടെ സുരേഷ് ചന്ദ്രൻ, കെ എം സി സി യുടെ മെഹബൂബ് കണ്ണൂർ,  സി എഫിന്റെ ഇബ്രാഹിം കരീം, ന്യൂ ഏജിന്റെ സാലി പൊറായിൽ, നവോദയയുടെ നിബു, ബഷീർ പി വി, ഷാനിദ് അലി, ഫൈസൽ പൂനൂർ, കബീർ ചേളാരി, വഹീദ് വാഴക്കാട്, ഷൈജു പച്ച, ഡൊമനിക്, നിഷാദ് ആലംകോട്, അലക്സ്, മൈമൂന അബ്ബാസ്, ഷക്കീല വഹാബ് തുടങ്ങിയ അനേകം പേർ ഹെൽപ്പ് ഡസ്ക്കിലുള്ള പ്രഗത്ഭരെക്കാൾ ഒരുപടി മുന്നിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്നവരാണ്. ഹെൽപ്പ് ഡസ്ക് ഗ്രൂപ്പുകളിലുള്ള നിരവധി പേർ കടമ മറന്ന് മൗനസുഷുപ്തിയിലാണ്ടിരിക്കുമ്പോഴും ഇവർ 24 മണിക്കൂറും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് കൊണ്ടാണ് റിയാദിലുള്ള അനേകം പ്രവാസികൾ ഇന്ന് ജീവിച്ചിരിക്കുന്നത് എന്നതാണ് സത്യം. ഇവർക്ക് നേതൃത്വം നൽകാനും വഴി കാട്ടാനും ശിഹാബ് കൊട്ടുകാട്, അഷ്റഫ് വെങ്ങാട്ട്, സി. പി മുസ്തഫ, രഘുനാഥ്‌, മുനീബ് പാഴുർ, നൗഷാദ് കോർമത്ത്, സിദ്ദീഖ് തുവ്വൂർ, മൊയ്തീൻകുട്ടി തെന്നല, നവാസ് വെള്ളിമാടുകുന്ന്, സജി കായംകുളം, അസീസ് കടലുണ്ടി, സമീർ കേളി, ഷാജി സോണ, മുജീബ് കായംകുളം, സത്താർ കായംകുളം, മജീദ് ചിങ്ങോലി, സുരേഷ് ശങ്കർ, സലിം മാഹി, ജോൺസൺ, സക്കീർ ദാനത്ത്, ഇബ്രാഹിം സുബ്ഹാൻ, കബീർ,  അറബ്കോ രാമചന്ദ്രൻ, ലത്തീഫ് തെച്ചി, ഉബൈദ് എടവണ്ണ, ഗഫൂർ കൊയിലാണ്ടി, അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അബ്ദുൽ മജീദ് പൂളക്കാടി, സനൂപ് പയ്യന്നൂർ, മുസ്തഫ കവ്വായി, അഷ്റഫ് വടക്കേവിള, അർശുൽ അഹമ്മദ്, ക്ളീറ്റസ്, സിദ്ദീഖ് കല്ലുപറമ്പൻ, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ്റഹ്മാൻ, അസീസ് മാവൂർ എന്നിവരൊക്കെയും സജീവമായി തന്നെ രംഗത്തുണ്ട്. ഇവരിൽ പലരും കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്നു എന്നതാണ് മറ്റൊരു സത്യം.
ഇവരോടൊപ്പം സൗദിയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോ. അബ്ദുൽ അസീസ്, ഡോ. നാസർ, ഡോ. സെബാസ്റ്റ്യൻ. ഡോ. ജോസഫ് അലക്സാണ്ടർ, ഡോ. ഹസീന ഫുആദ്, ഡോ. അബ്ദുസ്സലാം, ആസ്റ്റർ സനദ് ആശുപത്രിയിലെ സുജിത്തലി മൂപ്പൻ, ന്യൂ സഫാമക്കയിലെ വി എം അശ്റഫ്, സഫാമക്കയിലെ നൗഫൽ പാലക്കാടൻ, കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സ്സുബ്നാബി ഫിറോസ്, ശുമേസി ആശുപത്രിയിലെ ഡോ. അൻസാരി, ബെനിഷ്, ബിന്ദു ജോസഫ്,  എം. . എച്ചിലെ മനോജ്, സൗദി ജർമ്മൻ ആശുപത്രിയിലെ സിഞ്ചു റാന്നി, കിംഗ് ഖാലിദ്, ഒബൈദ്, സുലൈമാൻ ഹബീബ്, പ്രിൻസ് മുഹമ്മദ്, ഹമ്മാദി, അൽ മിശാരി എന്നീ ആശുപത്രികളിലെ സ്വയം മറന്ന് ജോലി ചെയ്യുന്ന മലയാളി സ്റ്റാഫുകൾ എന്നിവരും സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഒന്ന് മാത്രമാണ് മഹാമാരിയിൽ പിടിച്ചു നിൽക്കാൻ പ്രവാസി സമൂഹത്തിനു കൈത്താങ്ങായത്. ചിലരെക്കുറിച്ചെങ്കിലും എന്റെ മുൻധാരണകൾ തിരുത്തിക്കുറിച്ചതായിരുന്നു കൊവിഡ് കാലത്തെ ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു. "Life is not always black and white, it's a million shades of grey." 
                                                                ooooooooooooooooo