ലോകത്തിന് കൊവിഡ് പാഠങ്ങളുമായി സൗദി അറേബ്യ
- ഷക്കീബ് കൊളക്കാടൻ
നീണ്ട
അഞ്ചു മാസമായി ലോകത്തെ മറ്റു രാജ്യങ്ങളോടൊപ്പം കൊവിഡ് 19 വൈറസിനെതിരെ തുടരുന്ന സന്ധിയില്ലാ സമരത്തിൽ ഏകദേശം വിജയത്തോടടുക്കുന്ന കാഴ്ചയാണ് ഇന്ന് സൗദി അറേബ്യയിൽ കാണുന്നത്.
ഇക്കഴിഞ്ഞ മാർച്ച് രണ്ടാം തിയ്യതിയാണ് ഇറാനിൽ നിന്നും ബഹ്റൈൻ വഴി
ഖത്തീഫിലേക്ക് വന്ന ഒരു സ്വദേശിയിൽ
ആദ്യമായി കൊവിഡ് 19 വൈറസ് കണ്ടെത്തുന്നത്. ഇന്നത് രണ്ടര ലക്ഷം കവിഞ്ഞിരിക്കയാണ്. ഇതിൽ 80 ശതമാനത്തിലേറെ പേർ രോഗവിമുക്തരായി. രോഗികളിൽ
ഒരു ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഏറെ കരുതലും ശ്രദ്ധയും
അതിനിടയിൽ ഒരു വിധേനയുമുള്ള വിവേചനം
കാണിക്കാതെയും സൗദി ആരോഗ്യ മന്ത്രാലയം
നേതൃത്വം നൽകി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ
ലോകാരോഗ്യ സംഘടനയുടെ പോലും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.
വളരെ
ശ്രദ്ധാപൂർവ്വമായിരുന്നു
ഈ രാജ്യത്തെ മൂന്നര കോടി വരുന്ന ജനങ്ങളിൽ
കൊറോണ ബോധവത്ക്കരണം നടത്തുന്നതിലും അവർക്കിടയിൽ പ്രതിരോധ പ്രവർത്തനം നടത്തുന്നതിലും ആരോഗ്യ വകുപ്പ് കൈക്കൊണ്ട നടപടികൾ. ഈ രാജ്യത്തെ ജനസംഖ്യയിൽ
30 ശതമാനത്തിലേറെ വിദേശികളാണ്. ഇവരിൽ ലോകത്തെ ഒട്ടുമിക്ക ഭാഷ സംസാരിക്കുന്നവരുമുണ്ട്. എല്ലാ വിധ
സംസ്കാരങ്ങളുമുണ്ട്. വിവിധ ജാതിമതങ്ങളുണ്ട്. രക്ഷാപ്രവർത്തങ്ങൾക്കിടയിൽ ഇവർക്കാർക്കും ഒരുവിധേനയുമുള്ള പരാതികളില്ലാതെ പരമാവധി ആളുകളെ ഈ മഹാമാരിയിൽ നിന്നും
രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തിയത്.
24 മണിക്കൂറിൽ
അയ്യായിരത്തിലധികം പുതിയ രോഗികളും അറുപതോളം മരണങ്ങളും വളരെ കുറഞ്ഞ രോഗമുക്തിയുമായി
ഏറെ ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ഒരു സമയം ഈ
രാജ്യത്ത് കടന്നു പോയി. ആ സമയത്തും സംയമനം
പാലിച്ചു കൊണ്ട് ജനങ്ങളെ ഉപദേശിക്കുന്നതിലും എല്ലാ നിയന്ത്രണങ്ങൾക്കിടയിലും പരമാവധി ദൈനദിന ജീവിതത്തിനു വിഘാതം സൃഷ്ടിക്കാതെ അവശ്യ സർവ്വീസുകൾ തുറന്നു കൊടുത്തു കൊണ്ടുമാണ് ആരോഗ്യ, ആഭ്യന്തര വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം ഇവിടെ കൊവിഡ് നിയന്ത്രണ വിധേയമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പുതുതായുള്ള കോവിഡ് രോഗികൾ കുറഞ്ഞു വരുന്നു. ആറായിരത്തിനടുത്ത് ദിവസവും പുതിയ രോഗികൾ ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടായിരത്തി അഞ്ഞൂറായി കുറഞ്ഞു. അറുപതോളം മരണമുണ്ടായിരുന്നത് നാല്പത്തിന് താഴെയായി. രണ്ടര ലക്ഷം രോഗികളിൽ രണ്ടു ലക്ഷത്തിനു മുകളിൽ സുഖം പ്രാപിച്ചു. ഇതുവരെയായി
2,07,259 പേരുടെ രോഗം പൂർണ്ണമായും മാറി.
ഒരു ദിവസം മുവ്വായിരത്തിലധികം വരെ രോഗം സ്ഥിരീകരിച്ചിരുന്ന
തലസ്ഥാന നഗരിയായ റിയാദിൽ ഇന്നലെ 158 പേർക്ക് മാത്രമാണ് രോഗബാധ. ഒറ്റ ദിവസം സൗദിയിൽ
4000 പേർക്ക് രോഗമുക്തിയും ചൊവ്വാഴ്ച രേഖപ്പെടുത്തി.
എല്ലാ
നിയന്ത്രണങ്ങളും റിയാദ് അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും എടുത്തു കളഞ്ഞിട്ട് ഒരു മാസത്തിലേറെയായി. വ്യവസായ
വാണിജ്യ കേന്ദ്രങ്ങളും ആരാധനാലയങ്ങളും മാളുകളും പാർക്കുകളും സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങി.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര വിമാന സർവ്വീസുകൾ തുടങ്ങി. രാജ്യത്തിൻറെ പുറത്തു കുടുങ്ങിപ്പോയ സൗദി പൗരന്മാരെ പൂർണ്ണമായും
തിരിച്ചെത്തിച്ചു. അതോടൊപ്പം ഇവിടെ നിന്നും സ്വദേശത്തേക്ക് തിരിച്ചു പോകാനാഗ്രഹിച്ച ആളുകളെ തിരിച്ചയക്കാനുള്ള അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇറക്കുമതി ചെയ്യാനായി വിവിധ രാജ്യങ്ങളിൽ നിന്നായി മുടക്കമില്ലാതെ കാർഗോ വിമാന, ഷിപ്പിംഗ് സർവ്വീസുകളും നടത്തുന്നുണ്ട്.
കൊവിഡ്
പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികളും സെമിനാറുകളും ടൂറിസം മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. യാതൊരു ക്വാറന്റൈൻ നിയന്ത്രണങ്ങളുമില്ലാതെ വിവിധ പ്രവിശ്യകളിലേക്ക് നിർബാധം യാത്ര ചെയ്യാനുള്ള അനുമതിയും സൗദി ഭരണകൂടം നൽകി.
രാജ്യത്തേക്ക് വരുന്നവർക്ക് വിമാനത്താവളങ്ങളിലെ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണെങ്കിൽ മാത്രം ക്വാറന്റൈൻ നിർബന്ധമാക്കുന്ന വിധമാണ് യാത്ര നിബന്ധനകൾ. ജനജീവിതം പരമാവധി സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള അക്ഷീണ പ്രയത്നമാണ് എല്ലാ കൊവിഡ് ചെറുത്തുനിൽപ്പുകൾക്കുമിടയിൽ സൗദി ഭരണകൂടം നടത്തുന്നത്.
ലോകത്തിലെ
ഏറ്റവും വലിയ തീർത്ഥാടക സംഗമമായ
ഹജ്ജ് ഇത്തവണയും പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താൻ തന്നെയാണ് ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ജൂലൈ 30 നു നടക്കുന്ന ഹജ്ജിന്റെ
നിർബന്ധിത ചടങ്ങായ അറഫാ സംഗമം അടക്കം
എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ടായിരിക്കും നടക്കുക. സൗദിയിൽ താമസ രേഖയുള്ള 10,000 വിദേശികളായ
ആഭ്യന്തര ഹാജിമാർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിനുള്ള അവസരമുള്ളത്. ആദ്യമായി ഹജ്ജിന് അപേക്ഷിക്കുന്നവരും 65 വയസ്സിന് താഴെയുള്ളവരെയുമാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഹജ്ജിനായി ഒരുക്കിയിരിക്കുന്നതെന്ന് തിങ്കളാഴ്ച മക്കയിലും, മിനായിലും അറഫയിലും സന്ദർശനം നടത്തിയ ഹജ്ജ് ഉംറ വകുപ്പ് മന്ത്രി
ഡോ. മുഹമ്മദ് സാലേഹ് ബെന്റൻ അറിയിച്ചു.
ഇനിയും
മാസങ്ങളും ഒരുപക്ഷെ വർഷങ്ങളും കോവിഡ് 19 നമുക്കിടയിൽ തന്നെ തുടരും എന്ന തിരിച്ചറിവിൽ നിന്നാണ്
സൗദി ഭരണകൂടം ജനജീവിതം ദുസ്സഹമാക്കാത്തവിധം കൊറോണ പ്രതിരോധത്തിനുള്ള നടപടികൾ തുടങ്ങിയത്. 37 പേർക്ക് കൂടി ചൊവ്വാഴ്ച രാജ്യത്ത്
മരണം സംഭവിച്ചതോടെ 2557 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഏറ്റവും കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കുന്നതിൽ രണ്ടാം
സ്ഥാനമായ ഓറഞ്ച് അപകടനിലയിലുണ്ടായിരുന്ന സൗദി അറേബ്യ ഇപ്പോൾ
മഞ്ഞ നിറത്തിലേക്ക് മാറിയത് ഏറെ ആശ്വാസം പകരുന്നതാണ്.
ഒരു ദിവസം അര ലക്ഷത്തിലേറെ ആളുകൾക്കാണ്
രാജ്യത്ത് കൊവിഡ് പരിശോധന നടത്തുന്നത്. രാജ്യത്തെ 203 പ്രദേശങ്ങൾ വൈറസ് പിടിയിലായപ്പോൾ ഇതുവരെയായി 27,84,874 കൊവിഡ് ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞു.
അവസാനത്തെ
കോവിഡ് വൈറസിനെയും രാജ്യത്ത് നിന്നും തുടച്ചു നീക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം.
അതിനായി രാജ്യത്തെ എല്ലാ കൊവിഡ് കേന്ദ്രങ്ങളും എല്ലാവിധ സജ്ജീകരണങ്ങളോടെയും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ
അബ്ദുൽ ആലിയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജൻസി
റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങൾക്ക് തങ്ങളുടെ ആരോഗ്യ സുരക്ഷയെ സംബന്ധിക്കുന്ന ഏതു സംശയങ്ങൾക്കും കൊവിഡ്
ടെസ്റ്റിന് വേണ്ടിയും 24 മണിക്കൂറും ബന്ധപ്പെടാവുന്ന മൊബൈൽ ആപ്പും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. മലയാളവും തമിഴും ഉറുദുവും ഹിന്ദിയും അടക്കം ലോകത്തെ വിവിധ ഭാഷകളിലുമുള്ള പോസ്റ്ററുകളും വീഡിയോ പരസ്യവും ബിൽ ബോർഡുകളും എസ്
എം എസ്സുകളുമായി മുഴുവൻ ജനങ്ങളെയും ബോധവത്ക്കരിച്ച് ഈ ഉദ്യമത്തിൽ കൂടെ
നിർത്താനുള്ള ശ്രമങ്ങളിലാണ് അന്താരാഷ്ട്ര ഏജൻസികൾ വരെ പ്രശംസിച്ചിട്ടുള്ള സൗദി കൊവിഡ്
പ്രതിരോധ സെൽ.
------------------------------
No comments:
Post a Comment