കടല്‍ കടന്ന ഫുട്ബോള്‍ കമ്പം
ഒഴിവു വേളകളിലെ കളിക്കൂട്ടായ്മകള്‍ക്കു പകരമായി നിരന്തരമായ പരിശീലനവും വാശിയും ഒക്കെയായി മുഴുവന്‍ സമയ ഫുട്ബോള്‍ ക്ളബ്ബുകള്‍ രൂപീകരിക്കപ്പെടുന്നത് പിന്നീട് നമ്മള്‍ കണ്ടു. അക്ബര്‍ മമ്പാടിന്റേയും മററും നേതൃത്വത്തില്‍ നടത്തിയ ഫ്രന്റ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും എംബസി സ്കൂള്‍ ഗ്രൌണ്ടില്‍ സെയ്താലി മാസ്റററും സാം മാത്യുവും ഒക്കെ നേതൃത്വം നല്‍കി നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും കോഴിക്കോട്ടുകാരന്‍ കോയക്കയുടെ നേതൃത്വത്തില്‍ നടന്ന കൈരളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും പിന്നീട് നെഹ്റു സാംസ്കാരിക വേദി തുടക്കം കുറിച്ച പ്രൊഫഷണല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളും ആണ് ഇതിന് വഴിമരുന്നിട്ടത്. എം.ടി അഷ്റഫ്, അഷ്റഫ് വടക്കേവിള, അയ്യൂബ് ഖാന്‍ വിഴിഞ്ഞം, ജമാല്‍ എരഞ്ഞിമാവ്, മുഹമ്മദലി കൂടാളി, ഉമ്മര്‍ വലിയപറമ്പ്, അഷ്റഫ് കൊളക്കാടന്‍, സിദ്ദീഖ് കല്ലൂപറമ്പന്‍, സിദ്ധാര്‍ത്ഥന്‍ ആശാന്‍ തുടങ്ങിയവരുടെ ആവേശമായിരുന്നു നെഹ്റു സാംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമിട്ടത്. ഞങ്ങളുടെയൊക്കെ തീരാത്ത കളിക്കമ്പം അവര്‍ക്ക് നിറഞ്ഞ പിന്തുണയേകി. രണ്ടാമത് നെഹ്റു സാംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫ്ളഡ്ലൈററില്‍ വെകുന്നേരം പുല്‍മൈതാനത്ത് വെച്ച് നടത്തണമെന്ന ആശയം മുന്നോട്ട് വെച്ചത് മുന്‍ എന്‍.ആര്‍.കെ ഫോറം പ്രസിഡണ്ട് അയ്യൂബ് ഖാന്‍ വിഴിഞ്ഞം ആയിരുന്നു. അങ്ങിനെ ഞാന്‍ ഒരു ദിവസം മുഴുവന്‍ അലഞ്ഞു നടന്നാണ് ഇന്ന് മിക്ക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളും നടക്കുന്ന അത്തീഖയിലെ ബിന്‍ ദായല്‍ സ്റേറഡിയം കണ്ടെത്തിയത്. ഇരുപതിനായിരം റിയാലോളം ചെലവ് വന്ന ഫ്ളഡ്ലൈററ് സ്റേറഡിയത്തിലെ ആദ്യ പ്രവാസി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ധൈര്യസമേതം സാമ്പത്തിക പിന്തുണയേകിയത് സഫാമക്കാ പോളിക്ളിനിക്കും അതിന്റെ എം.ഡി ഷാജി അരിപ്രയുമായിരുന്നു.
റിയാദിലെ കളി ഭ്രാന്തന്‍മാരെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. വാശിയും ആവേശവും അലയടിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നിരവധി ഇതിനിടയില്‍ കടന്നു പോയി. കമ്മു ചെമ്മാടിന്റേയും മുബാറക് മമ്പാടിന്റേയും യൂസുഫ് തലശ്ശേരിയുടേയും ബഷീര്‍ പാഴൂരിന്റേയും ദേവന്‍ പാലക്കാടിന്റേയും ബഷീര്‍ തൃത്താലയുടേയും സുരേഷ് ഭീമനാടിന്റേയും ഹബീബ് നിലമ്പൂരിന്റേയും അബ്ദുള്ള വല്ലാഞ്ചിറയുടേയും അരീസ് കൊണ്ടോട്ടിയുടേയും മുജീബ് ഉപ്പടയുടേയും ബാവ മോങ്ങത്തിന്റേയും അലിക്കയുടേയും ജലീല്‍ അരീക്കോടിന്റേയും ഷരീഫ് കാളികാവിന്റേയും ലത്തീഫ് വണ്ടൂരിന്റേയും റോയല്‍ ബഷീറിന്റേയും ഒക്കെ കാല്‍പ്പന്തു കളിയോടുള്ള നിലയ്ക്കാത്ത പ്രണയമായിരുന്നു റിയാദില്‍ പ്രവാസി ഫുട്ബോളിന് ഇത്രയേറെ ജനപ്രിയത നേടിക്കൊടുത്തത് എന്നത് തര്‍ക്കമററതാണ്. ഇണങ്ങിയും പിണങ്ങിയും അനാരോഗ്യകരമല്ലാത്ത തര്‍ക്കങ്ങളില്‍പ്പെട്ടും ടീമുകള്‍ വളരുക തന്നെയായിരുന്നു. സി.ബി.ഐ, സ്ററാര്‍, കേരള ഇലവന്‍, റെയിന്‍ബോ, സ്പാന്‍ ക്ളബ്ബ്, ഫ്രണ്ട്സ് ക്ളബ്ബ്, ഒ.എം.സി തുടങ്ങിയ ടീമുകളില്‍ തുടങ്ങി റോയല്‍ എഫ്.സി, ചാലിയാര്‍ ഫുട്ബോള്‍ ക്ളബ്ബ്, റിമാല്‍, യൂത്ത് ഇന്ത്യ തുടങ്ങിയ പുതിയ ക്ളബ്ബുകളും മുന്‍നിരയിലേക്ക് വന്നു തുടങ്ങി. ഇവര്‍ക്ക് പ്രോത്സാഹനവുമായി വെസ്റേറണ്‍ യൂണിയന്‍, മുബാറക് ആശുപത്രി, എ.ബി.സി കാര്‍ഗോ, ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് തുടങ്ങിയ സ്ഥാപനങ്ങളും രംഗത്തെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടി കയറിത്തുടങ്ങി. എന്‍.എസ്.വി ടൂര്‍ണ്ണമെന്റിന്റെ വിജയം ടൂര്‍ണ്ണമെന്റുകള്‍ നടത്താന്‍ മററ് സംഘടനകള്‍ക്കും ആവേശം പകര്‍ന്നു. അങ്ങിനെ സൌദി അറേബ്യ കണ്ട മികച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളായ കേളി സാസംസ്കാരിക വേദി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, എന്‍.സി.സി.ഐ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങിയവ റിയാദിന്റെ ആവേശമായി മാറി.
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് വാശിയേറിത്തുടങ്ങിയപ്പോള്‍ മററ് പ്രവിശ്യകളില്‍ നിന്നും നാട്ടില്‍ നിന്നു പോലും കളിക്കാര്‍ റിയാദിലേക്ക് വരാന്‍ തുടങ്ങി. എന്‍.എസ്.വി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ അന്ന് മികച്ച ഫോമില്‍ ജിദ്ദയില്‍ കളിച്ചിരുന്ന സൂപ്പര്‍ സ്ററുഡിയോ താരം സമീര്‍ വണ്ടൂരിനെ സ്ററാര്‍ സ്പോര്‍ടസ് ക്ളബ്ബ് റിയാദിലെത്തിച്ചതാണ് ഇതിന് തുടക്കമിട്ടത്. അന്ന് റിയാദിലുണ്ടായിരുന്ന ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബോള്‍ സംഘാടകനായ സിദ്ദീഖ് കണ്ണൂരാണ് ഈ ആശയം എന്നോട് പറഞ്ഞത്. പിന്നീട് സ്ററാര്‍ ടീമിന്റെ എല്ലാ കളികളിലും സമീര്‍ നിറ സാന്നിദ്ധ്യമായി. മുന്‍ കേരള താരം കെല്‍ട്രോണിന്റെ അജിതിനേയും റിയാദിലെത്തിച്ചതിന്റെ പിന്നില്‍ കണ്ണൂര്‍ സിദ്ദീഖായിരുന്നു.
കേളിയുടെ ആദ്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചില പ്രശ്നങ്ങളെല്ലാം ഉണ്ടായെങ്കിലും റിയാദില്‍ രൂപീകൃതമായ ഇന്ത്യന്‍ ഫുട്ബോള്‍ അസ്സോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ പിന്നീട് വന്ന എല്ലാ ടൂര്‍ണ്ണമെന്റുകളും വന്‍ വിജയമായിരുന്നു. നൌഷാദ് കോര്‍മത്ത്, സെയ്താലി മാസ്ററര്‍, സലീം തിരുവനന്തപുരം തുടങ്ങിയവര്‍ കളി നിയമാനുസൃതമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. റിയാദിലെ മുഴുവന്‍ കളിക്കമ്പക്കാരേയും കൂട്ടിയിണക്കി രൂപീകൃതമായ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പക്ഷേ കളിക്കാര്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനാകാതെ ഉദാസീനത കാട്ടിയത് വലിയൊരു പോരായ്മയായി തോന്നുന്നു. ഇന്ന് വീണ്ടും ആ സംഘടനക്ക് പുതുജീവന്‍ ലഭിച്ചത് പ്രതീക്ഷയേകുന്നു.
നാട്ടില്‍ പോലും കാണാനാകാത്ത ധാരാളം ആവേശകരമായ കളികള്‍ക്ക് റിയാദിലെ ഫുട്ബോള്‍ ഗ്രൌണ്ടുകള്‍ സാക്ഷ്യം വഹിച്ചു. രണ്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ സ്പാന്‍ ക്ളബ്ബും സെന്‍ട്രല്‍ ബ്രദേഴ്സും തമ്മിലും എന്‍.എസ്.വി ഫുട്ബോളിന്റെ സെമിയില്‍ സ്ററാര്‍ സ്പോര്‍ട്സും ഫ്രന്റ്സ് മമ്പാടും തമ്മില്‍ നടന്നതും കെ.എം.സി.സി ഫുട്ബോള്‍ ഫൈനലില്‍ സ്ററാറും ചാലിയാറും തമ്മില്‍ കളിച്ചതും റിയാദിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട മത്സരങ്ങളായിരുന്നു. സൌദി റഫറിയിംഗ് പാനലിലെ അലി അല്‍ ഖഹതാനിയേയും മററും പങ്കെടുപ്പിച്ച് കേളിയും കെ.എം.സി.സി യും കളി കുററമററതാക്കിയപ്പോള്‍ കാണികളുടെ എണ്ണത്തിലും സ്പോണ്‍സര്‍മാരുടെ താല്‍പ്പര്യത്തിലും ഏറെ മാററമുണ്ടായി. ജിദ്ദയിലേയും ദമാമിലേയും ബുറൈദയിലേയും അബഹയിലേയുമൊക്കെ മികച്ച കളിക്കാരെ റിയാദിലെത്തിക്കുന്നതോടൊപ്പം നാട്ടില്‍ നിന്നും സന്ദര്‍ശക വിസയിലും ജോബ് വിസയിലും കളിക്കാരെ കൊണ്ടു വരാന്‍ ടീം മാനേജര്‍മാര്‍ മത്സരിച്ചത് കളിക്കു വേണ്ടി ചെലവഴിക്കുന്ന പണത്തിലും വന്‍ വര്‍ദ്ധനവുണ്ടാക്കി. നാട്ടില്‍ സെവന്‍സ് ഫുട്ബോളിലും ഇലവന്‍സ് ഫുട്ബോളിലും തിളങ്ങി നിന്ന കെല്‍ട്രോള്‍ സഹീര്‍, അജിത് കുമാര്‍, സമീര്‍ വണ്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, ഷരീഫ് കാളികാവ്, കെ.ടി അഷ്റഫ്, സക്കീര്‍ പരപ്പങ്ങാടി, സുല്‍ഫി കോഴിക്കോട്, ബീരാന്‍ കോഴിക്കോട്, മുജീബ് അരീക്കോട്, ബഷീര്‍, തിരുവമ്പാടി, വയനാട് മുഹമ്മദ് തുടങ്ങിയ പ്രമുഖ കളിക്കാരോടൊപ്പം സിദ്ദീഖ് മാനു, റിയാസ് ചെറുവാടി, നൌഷാദ് മങ്കട, ഷക്കീല്‍ തിരൂര്‍ക്കാട്, അജിംസ് പെരുമ്പാവൂര്‍, ഷൌലിക്ക്, മന്‍സൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ റിയാദിന്റെ സംഭാവനകളായി വളര്‍ന്നു വന്നു. സംസ്ഥാന, ഇന്ത്യന്‍ താരങ്ങള്‍ അതിഥി താരങ്ങളായി ഇറങ്ങിയ ഒട്ടേറെ കളികള്‍ ടൂര്‍ണ്ണമെന്റുകള്‍ക്കും പേരും പെരുമയും നേടിക്കൊടുത്തു.
നാട്ടിലെ സെപ്ററ് പോലുള്ള ഫുട്ബോള്‍ പരിശീലന കൂട്ടായ്മകള്‍ക്കും അവശരായ കളിക്കാര്‍ക്കും സംഘടനകള്‍ക്കും സഹായഹസ്തം നീട്ടുന്നതോടൊപ്പം ടൂര്‍ണ്ണമെന്റുകളിലെ മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു എന്നതാണ് പ്രവാസി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളുടെ വലിയ പ്രത്യേകത. സുതാര്യമായ ഫണ്ട് ശേഖരണത്തിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കപ്പെടുന്നതും മഹത്തായ മാര്‍ഗ്ഗത്തിലാണ് എന്നത് പ്രോത്സാഹിക്കപ്പെടേണ്ട ഒരു കായിക വിനോദമായി റിയാദിലേയും പരിസരങ്ങളിലേയും ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളെ മാററുകയാണ്. പ്രവാസത്തിന്റെ വിരസമായ ഒഴിവു വേളകളില്‍ ഫുട്ബോള്‍, വേളിബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ച് കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മഹത്തായ ജന സേവനങ്ങളിലുമേര്‍പ്പെടുന്ന സാമൂഹ്യ സംഘടനകളേയും പ്രവര്‍ത്തകരേയും പ്രോത്സാഹിപ്പിക്കാന്‍ അധികാര കേന്ദ്രങ്ങളും താല്‍പ്പര്യം കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.
No comments:
Post a Comment