Friday, November 2, 2012


പത്രാസിലൊരു മുടിവെട്ട്

എന്റെ നാട്ടില്‍ ചുള്ളിക്കാപറമ്പില്‍ ഒരു ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നു. അക്കരപറമ്പില്‍ അബുക്കയുടെ. എന്റെ ഉമ്മയുടെ സ്ററുഡന്റ് ആണ്. അദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ് ഞാനും എന്റെ താഴെയുള്ള രണ്ട് അനിയന്‍മാരും മുടി വെട്ടിയിരുന്നത്. ഉമ്മ മുടി വെട്ടാനായി ഒരു രൂപ തരും. മുപ്പത് പൈസ വീതം മൂന്ന് പേര്‍ക്ക് 90 പൈസ മുടി വെട്ടാന്‍ അബു കാക്കക്ക് കൂലിയും ബാക്കി പത്ത് പൈസ ഞങ്ങള്‍ മൂന്ന് പേര്‍ക്കും ലാവിഷായി കടിച്ചാ പൊട്ടിയും ബുള്‍ബുള്‍ മുഠായിയും ഒക്കെ വാങ്ങി തിന്നാനും. ഹൈസ്കൂള്‍ ക്ളാസിലെത്തിയപ്പോഴാണ് അബു കാക്കയുടെ ക്രോപ്പിംഗ് അത്ര പിടിക്കുന്നില്ല പെണ്‍കുട്ടികള്‍ക്ക് എന്ന തിരിച്ചറിവില്‍ പാര്‍ലര്‍ ഒന്ന് മാററിയത്. ചെറുവാടി അങ്ങാടിയില്‍ തന്നെയുള്ള ബാര്‍ബര്‍ മൊയ്തീന്‍ കുട്ടിയുടെ വി.ഐ.പി ബാര്‍ബര്‍ ഷോപ്പിലേക്ക് ഞാന്‍ മാറി. അവിടെയാണെങ്കില്‍ കറങ്ങുന്ന ചെയറുണ്ട്. മുന്നിലും പിറകിലും കണ്ണാടിയുണ്ട്. മുടി വെട്ടിക്കഴിഞ്ഞാല്‍ മൊയ്തീന്‍ കുട്ടി നല്ല ക്യുട്ടിക്യൂറ പൌഡറിട്ട് മിനുക്കി തരികയും ചെയ്യും. വേറെ എന്തു വേണം. പോരെങ്കില്‍ ചുമരില്‍ നിറയെ നാട്ടിലെ പുതുമണവാളന്‍മാര്‍ക്ക് അവരുടെ പാര്‍ട്ടിക്കാര്‍ നല്‍കിയ മംഗളാശംസകള്‍ ഫ്രൈം ചെയ്ത് വെച്ചിട്ടുണ്ട്. ചുമരില്ലാത്ത വീടുകളില്‍ (അത്ഭുതം തോന്നുന്നോ? എന്നാല്‍ അക്കാലത്ത് അങ്ങിനെയുള്ള വീടുകളായിരുന്നു നാട്ടില്‍ അധികവും) താമസിക്കുന്നവര്‍ അവര്‍ എന്നെങ്കിലും എടുത്ത ഫോട്ടോകള്‍ നാട്ടുകാരെ കാണിക്കാന്‍ മൊയ്തീന്‍ കുട്ടിയുടെ ബാര്‍ബര്‍ ഷാപ്പിലെ ചുമരിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അതെല്ലാം കണ്ടു രസിച്ച് കലര്‍പ്പില്ലാത്ത മുസ്ലീം ലീഗുകാരനായിരുന്ന മൊയ്തീന്‍ കുട്ടിയുടെ രാഷ്ട്രീയ ആവേശ പ്രകടനവും കണ്ടൊരു മുടിവെട്ട് അന്നത്തെ ചെറുപ്പക്കാരുടെയെല്ലാം ഹരമായിരുന്നു. ഗള്‍ഫില്‍ പോകുന്നതു വരെ എന്റെ മുടി വെട്ടിയത് മൊയ്തീന്‍ കുട്ടി ആയിരുന്നു.
 

1984 ജൂലായില്‍ റിയാദിലെത്തി അവിടെ നിന്നും അല്‍ ഖസീമിലെ ഖുറൈമാനിലെ ഒരു കുഗ്രാമത്തിലെത്തിയ ഞാന്‍ മാസങ്ങള്‍ കഴിഞ്ഞ് ആദ്യമായി മുടി വെട്ടുന്നത് ഈ മൊയ്തീന്‍ കുട്ടിയുടെ കൈയും കത്രികയും കൊണ്ടായിരുന്നു എന്നതാണ് വലിയൊരു അത്ഭുതം. ഖസീമിലെത്തി മുടിയും ഉള്ള താടിയും ഒക്കെ നീട്ടി അങ്ങിനെ നടന്നിരുന്ന ഞാന്‍ ഒരു ദിവസം ഉമ്മ അയച്ച കത്തില്‍ നിന്നാണ് നമ്മുടെ ബാര്‍ബര്‍ മൊയ്തീന്‍ കുട്ടിയും അല്‍ ഖസീമില്‍ എത്തിയിട്ടുണ്ടെന്ന വിവരം അറിയുന്നത്. എന്റെ പോസ്ററ് ബോക്സ് ഉള്ള അതേ മദ്നബിലെ പോസ്ററ് ഓഫീസില്‍ തന്നെയാണ് അവന്റെ അഡ്രസ്സും. അങ്ങിനെ ഒരു വ്യാഴാഴ്ച ഉച്ചക്ക് ഞാനും കൊടിയത്തൂരിലെ ഹമീദ്ക്കയും കക്കാടമ്മലെ കോയക്കുട്ടിയും (അവരും എന്റെ കൂടെ ഭാഗ്യം തേടിപ്പുറപ്പെട്ട ഗള്‍ഫുകാര്‍ ആണ് കെട്ടോ) മൊയ്തീന്‍ കുട്ടിയേയും തേടി മദ്നബിലെത്തി. ആ കൊച്ചു അങ്ങാടിയിലെ സകല ബാര്‍ബര്‍ ഷോപ്പുകളും ഞങ്ങള്‍ പരതി. അങ്ങിനെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് മൊയ്തീന്‍ കുട്ടിയെ കണ്ടെത്തി. രണ്ട് മൂന്ന് മാസമായി താടിയും മുടിയുമൊന്നും മുറിക്കാത്ത എനിക്ക് എന്റെ ഫാവറൈററ് ബാര്‍ബറെ കിട്ടിയപ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കണോ. ആദ്യമായി നാട്ടുകാരെ കണ്ടപ്പോള്‍ മൊയ്തീന്‍ കുട്ടിക്കും ഏറെ സന്തോഷം.

സൌദിയിലെ ബാര്‍ബര്‍മാരുടെ ഭക്ഷണ സമയം അറിയാലോ. അസര്‍ ബാങ്ക് കൊടുത്തപ്പോ റൂമില്‍ പോയി മൊയ്തീന്‍ കുട്ടി ഉണ്ടാക്കി വെച്ച കോഴിക്കറിയും കുബൂസും കഴിച്ചു. പിന്നീട് ഷോപ്പിലേക്ക് തന്നെ മടങ്ങി വന്ന് മൂന്ന് പേരുടേയും തലയില്‍ മൊയ്തീന്‍ കുട്ടി ഒരു വല്ലാത്ത ശ്രമദാനം തന്നെയാണ് നടത്തിയത്. മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ വെട്ടിയപ്പോഴാണ് ഒരു വിധം മനുഷ്യക്കോലമായി ഞങ്ങള്‍ മാറിയത്. ഞാന്‍ ഇപ്പോ ഓര്‍ത്ത് പോവുകയാണ്, അക്കാലത്ത് ഈ ക്യാമറയുള്ള മൊബൈല്‍ ഫോണും ഫൈസ്ബുക്കും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ അനശ്വരമായ കുറേ സ്നാപ്പുകള്‍ക്ക് വകുപ്പുണ്ടായിരുന്നല്ലോ. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു എങ്കിലും വാലന്‍മൂട്ട അരിക്കാത്ത കുറേ നല്ല സ്നാപ്പുകള്‍ എന്റെ അകത്തളങ്ങളില്‍ ഫ്രൈം ചെയ്ത് വെച്ചിട്ടുണ്ട്. രാത്രി മൊയ്തീന്‍ കുട്ടിയുടെ ആതിഥ്യം സ്വീകരിച്ച് നെയ്ച്ചോറും കോഴിക്കറിയും ഒക്കെ കഴിച്ച് ഞങ്ങള്‍ അവന്റെ മുറിയില്‍ കിടന്നുറങ്ങി. ഗള്‍ഫില്‍ വന്ന് ആദ്യമായിട്ട് ഒരു എ.സി റൂമില്‍ ഉറങ്ങുന്നത് അന്നാണ്. ഓ, അങ്ങിനെയുമല്ല എന്റെ ജീവിതത്തില്‍ ആദ്യത്തെ എ.സി റൂം ഉറക്കം അവിടെ തന്നെയാണ്. അതൊരു വല്ലാത്ത അനുഭൂതി ആയിരിക്കും അല്ലെ. സത്യമാണ്, ഉണര്‍ന്നത് പിറേറന്ന് ജുമുഅക്ക് പോകുന്നതിന് അല്‍പ്പം മുന്‍പ് മാത്രമാണ്.

വൈകുന്നേരം മൊയ്തീന്‍ കുട്ടിയോട് വിട പറഞ്ഞിറങ്ങി. മൂന്നോ നാലോ വണ്ടിയില്‍ കയറിയാലും പിന്നേയും അഞ്ചാറ് കിലോമീററര്‍ നടന്നാലേ ഞങ്ങള്‍ക്ക് കൂടണയാനാകൂ. ഉദാരമതികളായ അറബികളാണ് ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു പോയിരുന്നത്. പിന്നേയും ഇടക്കെല്ലാം നാല്‍പ്പതോളം കിലോമീററര്‍ അകലെയുള്ള മൊയ്തീന്‍ കുട്ടിയെ ഞങ്ങള്‍ പോയി കാണാറുണ്ടായിരുന്നു.

                വര്‍ഷങ്ങള്‍ പലത് കടന്നു പോയി. ഒന്‍പത് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും റിയാദില്‍ തിരിച്ചെത്തി. ജീവിതത്തിലെ പല പരീക്ഷണങ്ങളിലൂടേയും കടന്നു പോയി. എപ്പോഴോ നാട്ടില്‍ അവധിക്ക് വന്നപ്പോ രൂപത്തിലും പെരുമാററത്തിലും ഒരു കുട്ടിത്തം കാത്ത് സൂക്ഷിച്ചിരുന്ന മൊയ്തീന്‍ കുട്ടിയെ ഞാന്‍ നാട്ടില്‍ വെച്ചും കണ്ടു മുട്ടി. പതുക്കെ നടക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്തിരുന്ന മൊയ്തീന്‍ കുട്ടിയെ അന്ന് നാട്ടില്‍ വെച്ച് കണ്ടത് ജീവിതത്തിലെ അവസാന കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയില്ല.

നാല് വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു റിയാദിലെ അല്‍ ബാബ്തയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.ടി ഗഫൂര്‍ എന്നെ വിളിച്ചു പറഞ്ഞു, നമ്മുടെ ബാര്‍ബര്‍ മൊയ്തീന്‍ കുട്ടി മരണപ്പെട്ടു എന്ന്. മൊയ്തീന്‍ കുട്ടി ജീവിതം നെയ്തെടുത്ത അല്‍ ഖസീമിലെ മദ്നബില്‍ വെച്ച് തന്നെയായിരുന്നു അന്ത്യവും. ഹൃദയാഘാതമായിരുന്നു. വിവരമറിഞ്ഞ രാത്രിയില്‍ തന്നെ ഗഫൂറിന്റെ വണ്ടിയില്‍ ഞാനും ബാബ്തയിനില്‍ തന്നെയുള്ള അബ്ദുറഹ്മാനും നാദക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന അബ്ദുറഹിമാനും ചേര്‍ന്ന് അങ്ങോട്ട് പുറപ്പെട്ടു. ബുറൈദയില്‍ മൊയ്തീന്‍ കുട്ടിയുടെ മൃതദേഹമുള്ള ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോയ ശേഷം അദ്ദേഹം ജോലി ചെയ്ത ആ ബാര്‍ബര്‍ ഷോപ്പിലും പോയി.

താമസിക്കുന്ന റൂമില്‍ നിന്നും താക്കോലെടുത്ത് മൊയ്തീന്‍ കുട്ടി മാത്രം തുറന്നിരുന്ന ആ ഷോപ്പ് തുറന്ന് അകത്ത് കടന്നപ്പോള്‍ കണ്ട കാഴ്ചകള്‍ ശരിക്കും ഹൃദയഭേദകമായിരുന്നു. ജീവിതത്തിലെ എന്തെല്ലാമോ തയ്യാറെടുപ്പുകളുടെ നേര്‍ക്കാഴ്ചകള്‍. എഴുതി മുഴുമിപ്പിക്കാത്ത കത്തുകള്‍, മക്കള്‍ക്ക് അയക്കാനായി വാങ്ങി വെച്ച് ഡ്രസ്സുകള്‍ അങ്ങിനെ എന്തെല്ലാം. പെട്ടെന്നായിരുന്നു മൊയ്തീന്‍ കുട്ടിയുടെ അന്ത്യം. ഒരു സുഹൃത്തിന്റെ പ്രവാസത്തിന്റെ തുടക്കവും ഒടുക്കവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മനസ്സില്‍ എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ് മൊയ്തീന്‍ കുട്ടി എന്ന എന്റെ നാട്ടുകാരന്‍.

0000000000000000000000000000000

 

1 comment: